റിയാദ് - സൗദിയിൽ ആണവ നിലയങ്ങൾ നിർമിക്കുന്നതിനുള്ള പുതിയ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിന് റഷ്യയിലെ റോസാറ്റം കമ്പനിയെ ക്ഷണിക്കുമെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്. റഷ്യൻ പെട്രോളിയം, ഗ്യാസ്, പെട്രോകെമിക്കൽ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിന് അറാംകൊ അടക്കമുള്ള സൗദി കമ്പനികൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പീറ്റേഴ്‌സ്ബർഗ് ഇക്കണോമിക് ഫോറത്തിലും വ്യാപാര, സാമ്പത്തിക സഹകരണത്തിനുള്ള സൗദി- റഷ്യ ജോയിന്റ് കൗൺസിലിന്റെ ആറാമത് യോഗത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അൽഫാലിഹ്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ റഷ്യൻ സന്ദർശനത്തിനിടെയുണ്ടായ തീരുമാനങ്ങൾ പ്രാവർത്തികമാക്കുന്നതിന് സൗദിയിലെ സർക്കാർ, സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്. സംയുക്ത നിക്ഷേപങ്ങൾ വർധിപ്പിച്ച് ലഭ്യമായ അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനാണ് ശ്രമം. ഉത്തരധ്രുവത്തിൽ റഷ്യൻ പ്രകൃതി വാതക കമ്പനിയായ നൊവാടെക് നടപ്പാക്കുന്ന പദ്ധതിയിൽ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ഓഫർ സൗദി അറാംകൊ മുന്നോട്ടുവെച്ചിട്ടുണ്ട്. അറാംകൊയുടെ ഓഫർ നൊവാടെക് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻകിട റഷ്യൻ ഊർജ കമ്പനികളായ റോസ്‌നെഫ്റ്റും ഗ്യാസ്‌പ്രോമും നടപ്പാക്കുന്ന പ്രകൃതി വാതക പദ്ധതികളിലും പങ്കാളിത്തം സ്ഥാപിക്കുന്നതിനെ കുറിച്ച് സൗദി അറാംകൊ പഠിക്കുന്നുണ്ട്. റഷ്യയിലെ പ്രമുഖ പെട്രോകെമിക്കൽ കമ്പനിയിൽ നിക്ഷേപം നടത്തുന്നതിനും ഉത്തരധ്രുവത്തിലെ ഗ്യാസ് പദ്ധതിയിൽ ഓഹരി സ്വന്തമാക്കുന്നതിനും സൗദി അറാംകൊ ആലോചിക്കുന്നുണ്ട്.
കിഴക്കൻ റഷ്യയിൽ മിത്തനോൾ പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്നതിനെ കുറിച്ച് സൗദി കമ്പനികൾ പഠിക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിൻ അടുത്ത ഒക്‌ടോബറിൽ സൗദി അറേബ്യ സന്ദർശിക്കും. എണ്ണ വില കൂപ്പുകുത്തുന്നത് തടയുന്നതിന് റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി സഹകരിച്ച് സൗദി അറേബ്യയും നടപടികൾ സ്വീകരിച്ചുവരികയാണ്. അടുത്ത ജൂലൈയിൽ സൗദി അറേബ്യ റഷ്യയിൽ ഗോതമ്പ് ഇറക്കുമതി ചെയ്‌തേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര, സാമ്പത്തിക സഹകരണത്തിനുള്ള സൗദി-റഷ്യ ജോയിന്റ് കൗൺസിലിന്റെ ആറാമത് യോഗം ഇന്നലെ മോസ്‌കോയിൽ ചേർന്നു. എൻജിനീയർ ഖാലിദ് അൽഫാലിഹിന്റെയും റഷ്യൻ ഊർജ മന്ത്രി അലക്‌സാണ്ടർ നോവാകിന്റെയും അധ്യക്ഷതയിലാണ് യോഗം ചേർന്നത്. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വാണിജ്യ, സാമ്പത്തിക, നിക്ഷേപ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ഊർജ, വ്യവസായ, കാർഷിക മേഖലകളിൽ സംയുക്ത പദ്ധതികൾ ആരംഭിക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു. ജോയിന്റ് കൗൺസിലിന്റെ മുൻയോഗങ്ങളിൽ ധാരണയിലെത്തിയ പദ്ധതികളുടെ പുരോഗതിയും യോഗം വിശകലനം ചെയ്തു. റഷ്യയിലെ ദേശീയ പദ്ധതികളും സൗദി വിഷൻ 2030 പദ്ധതിയും ഉഭയകക്ഷി സഹകരണത്തിനുള്ള പുതിയ പ്രേരകങ്ങളാണെന്ന് ഖാലിദ് അൽഫാലിഹ് പറഞ്ഞു. പുരോഗതിയുടെയും സുസ്ഥിരതയുടെയും അഭിവൃദ്ധിയുടെയും പുതിയ തലങ്ങളിൽ എത്തിച്ചേരുന്നതിന് റഷ്യൻ ദേശീയ പദ്ധതികളും വിഷൻ 2030 പദ്ധതിയും ലക്ഷ്യമിടുന്നു. റഷ്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും ഉഭയകക്ഷിബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനും സൗദി അറേബ്യ ഒരുക്കമാണെന്നും അൽഫാലിഹ് പറഞ്ഞു.
വ്യാപാര, സാമ്പത്തിക സഹകരണത്തിനുള്ള സൗദി- റഷ്യ ജോയിന്റ് കൗൺസിലിന്റെ അഞ്ചാമത് യോഗം 2017 നവംബറിൽ റിയാദിലാണ് നടന്നത്. മുതിർന്ന നേതാക്കളുടെ പരസ്പര സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2017 ഒക്‌ടോബറിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നടത്തിയ റഷ്യൻ സന്ദർശനം ഉഭയകക്ഷിബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തി. ഊർജ, നിക്ഷേപ, പെട്രോകെമിക്കൽ വ്യവസായ, സാംസ്‌കാരിക, വിദ്യാഭ്യാസ, തൊഴിൽ പരിശീലന, ടൂറിസം വികസന, കൃഷി, ഭക്ഷ്യസുരക്ഷ, ആരോഗ്യ, ഗതാഗത, സൈനിക വ്യവസായ, ടെലികോം, ഐ.ടി, ഹജ്, ഉംറ മേഖലളിൽ ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്.
പീറ്റേഴ്‌സ്ബർഗ് ഇക്കണോമിക് ഫോറത്തിൽ സൗദി സംഘം പങ്കെടുത്തു. ഊർജ മേഖല, വെല്ലുവിളികളും അവസരങ്ങളും എന്ന ശീർഷകത്തിൽ ഫോറത്തിലെ പ്രധാന സെഷനിൽ ആഗോള എണ്ണ വിപണിയിലെ സ്ഥിതിഗതികളെയും എണ്ണ വിപണിയുടെ ഭദ്രത സംരക്ഷിക്കുന്നതിൽ ഒപെക്കിന്റെ പങ്കിനെയും ഒപെക് പ്ലസ് ഗ്രൂപ്പുമായി സഹകരിച്ച് ആഗോള എണ്ണ വിപണിയിൽ ഒപെക്കിന്റെ സ്വാധീനം വർധിപ്പിക്കുന്നതിനെയും കുറിച്ച് സെഷനിൽ സൗദി അൽഫാലിഹ് സംസാരിച്ചു.