രാഷ്ട്രീയം മാറ്റി അൽപ നേരം നോമ്പിനെക്കുറിച്ചാവാം എന്നു പറഞ്ഞപ്പോൾ പി.സി.ജോർജ് എം. എൽ. എ ആവേശപൂർവം പറഞ്ഞു തുടങ്ങി. ഈരാറ്റുപേട്ടയിൽ ജനിച്ച ഞാൻ മുസ്‌ലിം സഹോദരങ്ങളോടൊപ്പമായിരുന്നു വളർന്നത്. ഈരാറ്റുപേട്ടയിൽ 36,000 ജനസംഖ്യയിൽ 75% പേരും മുസ്‌ലിം സഹോദരങ്ങളാണ്. ആറ് മഹല്ലുകളിലായി 52 പള്ളികളുണ്ട്. മറ്റു മതസ്ഥരുടെ ദേവാലയങ്ങളിൽ നിന്ന് മുസ്‌ലിം പളളികൾ വ്യത്യസ്തമാണ്. കാരണം അഞ്ചു വഖ്തിലെ നമസ്‌കാരം വഴി പള്ളികൾ സദാ സജീവമാണ് എന്നത് തന്നെയാണ്. നോമ്പ് കാലമായാൽ പള്ളികൾ കൂടുതൽ ആളുകളോടെ ഭക്തിനിർഭരമാകും.
മുസ്‌ലിം സഹോദരങ്ങളുടെ ഇടയിൽ ജീവിക്കുന്നയാളായതിനാൽ എനിക്ക് മുഹമ്മദ് നബിയെക്കുറിച്ചും പരിശുദ്ധ ഖുർആനെക്കുറിച്ചും ഏറെ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. നോമ്പെന്ന് പറയുന്നത് ഭക്ഷണം കിട്ടാത്തവന്റെ അവസ്ഥ കൂടി മനുഷ്യന് പഠിക്കാനാണ് അല്ലാഹു കൽപിച്ചത്. ഞാൻ സ്ഥിരമായി സിഗരറ്റ് വലിക്കുന്ന ആളാണ്. തുടർച്ചയായി വലിക്കും. എന്നാൽ നോമ്പ് കാലത്ത് സിഗരറ്റ് വലി കുറയും. കാരണം എന്റെ സുഹൃത്തുക്കളെല്ലാം നോമ്പുകാരാണ്. അവരുടെ മുമ്പിൽ ഇന്നുവരെ സിഗരറ്റു വലിച്ചുകൊണ്ടോ ഭക്ഷണം കഴിച്ചുകൊണ്ടോ നോമ്പ് കാലത്ത് നിന്നിട്ടില്ല. എന്റെ വീടിനടുത്തുള്ള ചേന്നാട് കവലയിൽ വെച്ച് ഞാൻ സിഗരറ്റ് വലിക്കാത്ത മാസം റമദാനാണ്.
വീടിന് സമീപത്തെ പുത്തൻ വീട്ടിലെത്തിയാൽ ബഷീർ, ജലാൽ എന്നിവരോടൊപ്പമായിരുന്നു നോമ്പുതുറ. അതുപോലെ വെള്ളാത്തോട്ടം അന്തപ്പന്റെ വീട്ടിലും സ്വതന്ത്രമായിരുന്നു. ഉമ്മമാർ നോമ്പെടുത്തുണ്ടാക്കിത്തരുന്ന ഒറോട്ടിയുടേയും കോഴിക്കറിയുടേയും ഉലുവാ കഞ്ഞിയുടേയമൊക്കെ രുചി മരണം വരെ നാവിൻ തുമ്പിൽ നിന്ന് പോവില്ല. നോമ്പ് തുറക്കാൻ മഗ്‌രിബ് ബാങ്ക് വിളി കേൾക്കാൻ കാത്തിരിക്കുന്ന നിമിഷമൊക്കെയാണ് ജീവിതത്തിലെ ധന്യമായ മുഹൂർത്തങ്ങൾ. പൊതുപ്രവർത്തകനെന്ന നിലയിലും നാട്ടുകാരനെന്ന നിലയിലും എന്നെ നോമ്പ് കാലത്തും അല്ലാത്തപ്പോഴും മുസ്‌ലിം സഹോദരങ്ങൾ അവരിലൊരാളായി കണക്കാക്കാറുണ്ട്.
വീടുകളിൽ നടന്നുവന്നിരുന്ന നോമ്പുതുറ സൽക്കാരങ്ങൾ ഇന്ന് ഇഫ്താറുകൾക്ക് വഴിമാറിയിരിക്കുന്നു. ഇതിനോട് ചില വിയോജിപ്പുകൾ എനിക്കുണ്ട്. മന്ത്രിമാരടക്കമുള്ളവരുടെ ഇഫ്താറുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. മഗ്‌രിബ് ബാങ്ക് വിളിച്ചാൽ സാധാരണ കാരക്ക കൊണ്ട് നോമ്പു തുറന്ന് ചെറിയ ഫ്രൂട്‌സ് കഴിച്ച് പളളിയിൽ പോയോ, പ്രത്യേകം സൗകര്യപ്പെടുത്തിയ സ്ഥലങ്ങളിലോ നിസ്‌കരിക്കും. അത് കഴിഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഇന്ന് ഭക്ഷണം കഴിക്കലാണ് ഇഫ്താർ എന്ന് തോന്നിപ്പോകും ചില ആളുകളുടെ വിരുന്ന് കണ്ടാൽ. ഇതിനോട് എനിക്ക് യോജിപ്പില്ല. ഇത്തരത്തിലുള്ള ഇഫ്താറുകൾ രാത്രി 8 മണിക്ക് ശേഷമാക്കിയാൽ മതിയെന്നാണ് എന്റെ അഭിപ്രായം. റമദാനെ ഉൾക്കൊളളുന്ന പവിത്രത കാത്ത് സൂക്ഷിക്കുന്നവരായിരിക്കണം ഇഫ്താറുകൾ ഒരുക്കേണ്ടത്.
മുപ്പത് ദിവസത്തെ വ്രതം, പാവപ്പെട്ടവനെ സഹായിക്കുന്ന സക്കാത്ത്, ലോക സമാധാനത്തിന് വേണ്ടിയുളള പ്രാർത്ഥന, അഞ്ചു നേരത്തെ നിസ്‌കാരം -ഇങ്ങനെ മനുഷ്യനെ മനുഷ്യനായികാണാൻ പ്രാപ്തമാക്കുന്ന ഏക മതമാണ് ഇസ്‌ലാം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രവാചകൻ സ്വത്തിൽ നിന്നും സ്വർണത്തിൽ നിന്നുമൊക്കെ ഒരു വിഹിതം സക്കാത്തായി നൽകാൻ കൽപിക്കുന്നത് എത്ര മഹത്തരമാണ്. ഇതുകൊണ്ടാണ് ഞാൻ പ്രവാചകൻ മുഹമ്മദ് നബിയേയും മുസ്‌ലിം സഹോദരങ്ങളേയും സ്‌നേഹിക്കുന്നത്. എല്ലാ മതത്തിലും നന്മയുണ്ട്.
തന്റെ അയൽവാസി അവൻ ഏതു മതവിഭാഗത്തിൽ പെട്ടവനായാലും പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവൻ മുസ്‌ലിമല്ല എന്ന നബിയുടെ വചനം ലോകത്തിന് ആകെ മഹത്തായ മാതൃകയാണ്.