ദുബായ്- വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയുടെ പ്രസവമെടുത്ത സുരക്ഷാ ഉദ്യോഗസ്ഥയുടെ വാര്‍ത്ത ഏറെ പ്രചരിച്ചിരുന്നു. സമയോചിതമായ പ്രവര്‍ത്തനം കാഴ്ചവെച്ച ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ കോര്‍പറല്‍ ഹനാന്‍ ഹുസൈന്‍ മുഹമ്മദിന് പിന്നീട് എന്തു സംഭവിച്ചു?
അര്‍ഹതക്ക് അംഗീകാരം നല്‍കുക ദുബായുടെ പ്രത്യേകതയാണ്. ഉയര്‍ന്ന റാങ്കിലേക്ക് പ്രമോഷന്‍ നല്‍കിയാണ് ഹനാനെ ദുബായ് പോലീസ് ആദരിച്ചത്. ദുബായ് പോലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മെര്‍റിയാണ് ഹനാനെ ഉയര്‍ന്ന റാങ്കിലേക്ക് പ്രമോട്ട് ചെയ്തത്.
ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടിലായിരുന്നു സംഭവം. ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിക്ക് പ്രസവവേദന. എങ്ങോട്ടും മാറ്റാന്‍ വയ്യാത്ത വിധം അടിയന്തര ശ്രദ്ധ ആവശ്യമായ സന്ദര്‍ഭത്തിലാണ് ഒട്ടും പതറാതെ കോര്‍പറല്‍ ഹനാന്‍ മുന്നോട്ട് വന്നത്. പാരാമെഡിക്കല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് എയര്‍പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ റൂമില്‍ ഹനാന്‍ പ്രസവമെടുത്തത്. കുട്ടിക്ക് സി.പി.ആര്‍ നല്‍കി ശ്വാസോച്ഛാസവും നേരെയാക്കി. സമയമെത്തുംമുന്‍പെയുള്ള പ്രസവമായിരുന്നു യുവതിയുടേതെങ്കിലും മനസ്സാന്നിധ്യത്തോടെ അത് കൈകാര്യം ചെയ്ത ഹനാന് ഏറെ പ്രശംസ കിട്ടിയിരുന്നു. ഇപ്പോഴിതാ പ്രമോഷനും.