കുവൈത്ത് സിറ്റി- ശനിയാഴ്ച ലോകത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കുവൈത്തില്‍- 50.2 ഡിഗ്രി സെല്‍ഷ്യസ്. ഇറാഖിലെ ബസ്‌റയാണ് രണ്ടാം സ്ഥാനത്ത്- 49.6 ഡിഗ്രി. കുവൈത്തില്‍ വരും ദിവസങ്ങളില്‍ താപനില ഉയര്‍ന്നു നില്‍ക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പകല്‍ താപനിലയില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണു നിരീക്ഷണം. ചൂട് കൂടിയതിനനുസരിച്ച് വൈദ്യുതി ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഘട്ടത്തില്‍ 13,500 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. താപനില കൂടുന്നതിനാല്‍ അടുത്ത ദിവസം വൈദ്യുതി ഉപയോഗം 13,800 മെഗാവാട്ട് വരെ ആയേക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
തുറസ്സായ സ്ഥലത്തു ജോലി ചെയ്യുന്നവര്‍ക്കുള്ള ഉച്ചവിശ്രമം നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മാനവശേഷി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. താപനില ഉയര്‍ന്നതോടെ രാവിലെ ഒന്‍പതിനും വൈകിട്ട് നാലിനുമിടയിലുള്ള ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്.