Sorry, you need to enable JavaScript to visit this website.

ദുബായ് ഡ്രീം ലൈനര്‍ സര്‍വീസുകള്‍ നിര്‍ത്തിയത് മലയാളികള്‍ക്ക് തിരിച്ചടി

ദുബായ്- ദുബായില്‍നിന്നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഡ്രീംലൈനര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച എയര്‍ ഇന്ത്യയുടെ നടപടി പ്രവാസി മലയാളികള്‍ക്ക് ഇരുട്ടടിയായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദിനംപ്രതി സര്‍വീസ് നടത്തിയിരുന്ന, 256 പേര്‍ യാത്ര ചെയ്യുന്ന വിമാനമാണ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. ഇതിന് പകരമായി 162 പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി കൊച്ചി സെക്ടറിലെ യാത്രക്കാര്‍ക്ക് ദിനംപ്രതി 94 സീറ്റിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
സാധാരണ നാട്ടിലേക്കുള്ള യാത്രക്കായി പ്രവാസി മലയാളികള്‍ കൂടുതലായും എയര്‍ ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. സീറ്റുകള്‍ കുറച്ച് ഡിമാന്റ് വര്‍ധിപ്പിച്ചുകൊണ്ട് അധിക ചാര്‍ജ് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യാനുള്ള നീക്കമാണ് തീരുമാനത്തിന് പിന്നിലെന്നാണ് പ്രവാസി മലയാളികള്‍ ആരോപിക്കുന്നത്. ഡ്രീംലൈനര്‍ വിമാനങ്ങള്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് വീണ്ടും അതേ വിമാനം അനുവദിച്ച് സര്‍വീസ് നടത്തുമ്പോഴാണ് മലയാളികളോട് എയര്‍ ഇന്ത്യയുടെ ഈ വിവേചനം.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബോയിംഗ് വിമാനങ്ങള്‍ താല്‍ക്കാലികമായി പിന്‍വലിച്ചത്മൂലം ഉണ്ടായിട്ടുള്ള സര്‍വ്വീസ് നഷ്ടത്തിനിടയിലാണ് എയര്‍ ഇന്ത്യയുടെ തീരുമാനം പ്രവാസി മലയാളികള്‍ക്ക് വന്‍ തിരിച്ചടിയാകുന്നത്. വരും ദിവസങ്ങളില്‍ വിമാന നിരക്കില്‍ വന്‍ വര്‍ധനവിനും ഇത് ഇടയാക്കും.

    
    
    

 

 

Latest News