Sorry, you need to enable JavaScript to visit this website.

സാമ്പത്തിക പരിഷ്‌കരണം;  മോഡി സർക്കാരിന്റെ ഒളിയജണ്ടകൾ 

മോഡി സർക്കാരിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ അനുസരിച്ച് ജനുവരി- മാർച്ച് മാസത്തെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 5.8 ശതമാനമാണ്. മോഡി സർക്കാരിന് നിതി ആയോഗ് നേരിട്ട് നൽകിയ റിപ്പോർട്ട് പ്രകാരം ഇത് കഴിഞ്ഞ 17 പാദങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കുമാണ്. ഈ തളർച്ച ആശങ്കപ്പെടുത്തുന്നതാണ്. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പേരിൽ രണ്ടാം മോഡി സർക്കാരിന്റെ ആദ്യ നൂറ് ദിനങ്ങളിൽ അവതരിപ്പിക്കാനിടയുള്ള പരിപാടികൾ തീർച്ചയായും ബഹുരാഷ്ട്ര കുത്തകകളുടെ പ്രത്യേകിച്ച് ഉൽപാദന മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നവയായിരിക്കും.
ഭരണത്തിന്റെ ആദ്യഘട്ടത്തിൽ അവതരിപ്പിച്ച മെയ്ക്ക് ഇൻ ഇന്ത്യ എന്ന പദ്ധതിക്കും അതേ ലക്ഷ്യമായിരുന്നു. എന്നാൽ ഫലം ശൂന്യതയായിരുന്നു എന്നല്ലാതെ ആഗ്രഹത്തിനപ്പുറം പോയതുമില്ല. എന്നാൽ കൃത്യമായ രൂപരേഖയോടെ, എവിടെയെങ്കിലും എന്തെങ്കിലും എതിർപ്പുയരുകയാണെങ്കിൽ അതെല്ലാം ഇല്ലാതാക്കിക്കൊണ്ടുള്ള നിക്ഷിപ്ത താൽപര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള കർമ്മ പദ്ധതിയാണ് ഇത്തവണ നടപ്പിലാക്കുക. വൻ ഭൂരിപക്ഷം നേടി ബി ജെ പി അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോൾ സാധാരണ മനുഷ്യരുടെയും പ്രത്യേകമായ കുറച്ചു വിഭാഗത്തിന്റെയും താൽപര്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയാണെങ്കിൽ ആദ്യവിഭാഗത്തിന്റെ അടിച്ചമർത്തലാണുണ്ടാവുകയെന്നത് വളരെ വ്യക്തമാണ്.
നേരത്തേ തൊഴിലാളികളുടെയും കർഷകരുടെയും ഭൂമിയുടെയും തൊഴിൽനിയമങ്ങളുടെയും സംരക്ഷണത്തിനായി നടന്ന ശക്തവും ദീർഘവുമായ സമരങ്ങളുടെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. ഇനി മുഴുവൻ അന്തഃസത്തയെയും പുനർവ്യാഖ്യാനം ചെയ്തുകൊണ്ട് പരിഷ്‌കരണങ്ങൾ വീണ്ടും പാർലമെന്റിന് മുന്നിൽ അവതരിപ്പിക്കും. വിദേശ നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്നതിൽ തൽപരരായതിനാൽ സർക്കാർ അക്കാര്യത്തിൽ ധൃതി കാട്ടുകയും ചെയ്യും. പരിഷ്‌കരണങ്ങൾ എന്ന പേരിൽ അല്ലെങ്കിൽ തൊഴിൽ നിയമങ്ങളെ മാറ്റിയെഴുതുമ്പോൾ ആദ്യം നോട്ടുനിരോധനത്തിന്റെയും പിന്നീട് ചരക്കുസേവന നികുതി നടപ്പിലാക്കിയതിന്റെയും ഫലമായി സാധാരണ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ അവർ പരിഗണിക്കുകയേ ഇല്ല. സമീപകാലത്ത് ഉണ്ടായ വൻ തിരിച്ചടികളിൽനിന്ന് സമ്പദ്ഘടന ഇനിയും കര കയറാനിരിക്കുന്നതേയുള്ളൂ. പരിഷ്‌കരണങ്ങൾ എന്നോ മാറ്റത്തിന് മുന്നോടിയെന്നോ പേരിലുള്ള മഹാവിപത്തുകളെല്ലാം തന്നെ പൂർണമായും വിദേശ നിക്ഷേപകരുടെ താൽപര്യങ്ങൾ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതെല്ലാമാകട്ടെ സാധാരണ ജനങ്ങളുടെ ചെലവിലാണ് നടപ്പിലാക്കുന്നതും.
നിക്ഷേപകരുടെ താൽപര്യങ്ങൾ മാത്രം പരിഗണിച്ചുകൊണ്ട് നികുതിയിളവുകൾ നൽകിയും കുറഞ്ഞ പലിശ നിരക്ക് അനുവദിച്ചും ധനവകുപ്പ് ഇതിനെല്ലാം പ്രചോദനം നൽകുകയും ചെയ്യുമെന്നതാണ് വൈരുധ്യം. തൊഴിൽനിയമങ്ങളുടെ പരിഷ്‌കരണം, കഷ്ടത അനുഭവിക്കുന്ന മഹാഭൂരിപക്ഷത്തിന്റെ താൽപര്യങ്ങളെ അവഗണിക്കൽ, പുതിയ വ്യവസായങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഭൂബാങ്ക് സൃഷ്ടിക്കൽ, സ്വകാര്യവൽക്കരണത്തിന് വേഗം കൂട്ടൽ എന്നിങ്ങനെ മഹാവിപത്തിന്റെ അജണ്ടകളാണ് അവരുടെ മുന്നിലുള്ളത്. 44 കേന്ദ്ര നിയമങ്ങളെ വേതനം, വ്യവസായ ബന്ധങ്ങൾ, സാമൂഹ്യ സുരക്ഷയും ക്ഷേമവും, തൊഴിൽ സുരക്ഷ – ആരോഗ്യം – തൊഴിൽ സാഹചര്യങ്ങൾ എന്നിങ്ങനെ നാലു കേന്ദ്ര നിയമങ്ങളായി സംയോജിപ്പിക്കുന്നതിനാണ് അവർ ലക്ഷ്യമിടുന്നത്. ഇവയെല്ലാം കമ്പനികളെ തൊഴിലാളികളുമായുള്ള തർക്കങ്ങളിൽനിന്ന് വിമുക്തമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
സമ്പദ്ഘടനയ്ക്കുമേലുള്ള സമ്മർദ്ദം സ്പഷ്ടമാണ്. നിക്ഷേപകർക്ക് എല്ലാവിധ സൗകര്യങ്ങളും ലഭിക്കുകയും എന്താണോ നൽകുന്നത് തൊഴിലാളികൾ അത് വാങ്ങേണ്ടിവരികയും ചെയ്യും. ഒരു തരത്തിലും തൊഴിലാളികളുടേതല്ല നിക്ഷേപകരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കപ്പെടുക. ആരെങ്കിലും തൊഴിലില്ലായ്മയിൽ നിന്ന് മോചനം നേടിയാൽ തൊഴിൽ സാഹചര്യങ്ങൾ വെല്ലുവിളികൾ നിറഞ്ഞ് അതൃപ്തികരമാവും, പ്രത്യേകിച്ച് അധ്വാനിക്കുന്ന വിഭാഗം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ കയ്യിലുള്ള വിസ്തൃതമായ ഭൂമി ഉപയോഗിക്കാത്തതെന്ന പേരിൽ ഏറ്റെടുക്കുകയും വിദേശ നിക്ഷേപകർക്ക് സമ്മാനമായി നൽകുകയും ചെയ്യും. അത്തരം ഭൂമി ആവശ്യാനുസരണം നിക്ഷേപകർക്ക് വൻ തോതിൽ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനാണ് ഇത്തരം മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നത്. ഇത്തരം പരിഷ്‌കരണ നടപടികളിൽ പൊതുമേഖലയ്ക്ക് ഒരു സ്ഥാനവുമുണ്ടായിരിക്കില്ല. കുറഞ്ഞത് 42 പൊതുമേഖലാ സ്ഥാപനങ്ങളെങ്കിലും അടുത്ത മാസങ്ങളിൽ അടച്ചുപൂട്ടുകയോ സ്വകാര്യവൽക്കരിക്കുകയോ ആസ്തികൾ വിറ്റുകളയുകയോ ചെയ്യുമെന്നുറപ്പായിരിക്കുകയാണ്. പൊതു ഉടമസ്ഥതയിലുള്ള കമ്പനികൾ നിയന്ത്രിക്കുന്നതിനായി ഒരു സ്വയംഭരണ നടത്തിപ്പ് സ്ഥാപനം ഉണ്ടാക്കുകയും കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും സംവിധാനവുമായി യാതൊരു ബന്ധവുമില്ലാതെ ആസ്തി വിൽപന സംബന്ധിച്ച തീരുമാനങ്ങൾ വേഗത്തിൽ സ്വീകരിക്കുകയും ചെയ്യും. പൊതുമേഖലയിലുള്ള ബാങ്കുകളും ശക്തമായ നിരീക്ഷണത്തിലാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്നും നികുതി പിരിവ് ഊർജ്ജിതപ്പെടുത്തുകയെന്നുമുള്ള പേരുകളിൽ സ്വകാര്യവൽക്കരണമെന്ന മാറ്റമാണുണ്ടാകുവാൻ പോകുന്നത്. ഇത്തരത്തിലുള്ള പുനഃസംഘടന യഥാർത്ഥത്തിൽ നിക്ഷേപകരുടെ താൽപര്യങ്ങളെ ബാധിക്കുകയും അന്തിമമായി ഈ ധനകാര്യ സംവിധാനത്തോട് അവരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും.

Latest News