Sorry, you need to enable JavaScript to visit this website.

പൊറുതി മുട്ടുന്ന പാർട്ടി

എന്തെങ്കിലും എഴുതണമല്ലോ എന്നു പൊറുതി മുട്ടുന്നവർക്ക് നിത്യഹരിത വിഷയം പകരുന്നതാണ് കേരള കോൺഗ്രസ്.  ഒന്നല്ലെങ്കിൽ മറ്റൊന്നും രണ്ടുമുണ്ടാകും അതിന്റെ ആവനാഴിയിൽ അങ്കം വെട്ടാൻ. ഏതു വിഷയവും അതിൽ പോരടിക്കാൻ പാകത്തിലാകും, ആരും എപ്പോഴും കച്ച കെട്ടിയിരിക്കും. 'അങ്ങനെയേ വരൂ, കട്ട വണ്ടി മുട്ടിയുണ്ടായ പാർട്ടിയല്ലേ' എന്ന് കെ. ആർ ചുമ്മാർ ചൊല്ലിയ പഴയ മൊഴി. 
വരിഷ്ഠനായ പത്രപ്രവർത്തകനായിരുന്നു ചുമ്മാർ. പൊള്ളുന്ന രാഷ്ട്രീയവും പുളകം കൊള്ളിക്കുന്ന പ്രസംഗവും നിർത്തി അതിനെപ്പറ്റി അന്നന്ന് കോളം നിറക്കാൻ എഴുതിവിടുന്ന തൊഴിൽ ഏറ്റെടുത്തയാൾ. വചനത്തിലും അപഗ്രഥനത്തിലും ചുമ്മാർ ഒരു പൊലിമ നിലനിർത്തി. ഏറെ അടുത്തും അകന്നും കേരള കോൺഗ്രസിനെ അറിഞ്ഞ അദ്ദേഹം അതിനു ചാർത്തിക്കൊടുത്ത പേരാണ് 'കട്ട വണ്ടി മുട്ടിയുണ്ടായ പാർട്ടി.'
തൃശൂരിനടുത്ത് കുരിയച്ചിറ വഴി കടന്നു പോവുകയായിരുന്ന ഒരു അംബാസഡർ കാർ ഒരു കട്ട വണ്ടിയിൽ ഉരസി. അതിൽ കവിഞ്ഞ ആപത്തൊന്നും വണ്ടിക്കോ കാറിനോ ഉണ്ടായില്ല. പക്ഷേ കേരളത്തെ മുഴുവൻ കുലുക്കിക്കളയാവുന്ന രണ്ടു കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. ഒന്ന്, കാറിൽ ഒരു പെണ്ണ് ഉണ്ടായിരുന്നു. രണ്ട്, പിന്നീട് തെളിയാനിരുന്നതുപോലെ, കാർ ഓടിച്ചിരുന്നത് ആഭ്യന്തരമന്ത്രി പി. ടി ചാക്കോ ആയിരുന്നു.
കാർ വണ്ടിയിൽ മുട്ടിയെന്നും മറ്റുമുള്ള വിവരം തിരക്കാൻ പത്രക്കാർ കലക്ടറെ സമീപിച്ചപ്പോൾ അദ്ദേഹം കരുതലോടെ വിശദീകരണം നൽകി:  വണ്ടി ഓടിച്ചിരുന്നയാൾക്കെതിരെ നടപടി ഉണ്ടാവും. അസത്യത്തിൽ വീഴാതെയും സത്യത്തിൽനിന്നൊഴിഞ്ഞുമാറിയും അങ്ങനെ പറഞ്ഞ കലക്ടർ കഴിഞ്ഞ ദിവസം മരിച്ചു - പി. എം അബ്രഹാം. 
പഴയ സംഭവം ഓർത്തെടുത്ത് ഒരു ദിവസം അബ്രഹാം നാട്ടുവർത്തമാനം പറയുന്ന കൂട്ടത്തിൽ പറഞ്ഞു, ലഘുവായി തള്ളിപ്പോകാമായിരുന്ന ആ സംഭവം കേരളരാഷ്ട്രീയത്തിൽ ചുഴലിക്കാറ്റായി. ആർക്കും പരിക്ക് ഒന്നുമുണ്ടായില്ല, വണ്ടി ഓടിച്ചിരുന്നയാൾ തന്നെ സംഭവം പോലിസ് സ്‌റ്റേഷനിൽ അറിയിച്ചു, ഉചിതമായ നടപടി ഉണ്ടാകുമെന്ന് കലക്ടർ പ്രഖ്യാപിച്ചു, എന്നിട്ടും പൊട്ടിപ്പൊങ്ങാനിരുന്ന ചുഴലിയെ ഒതുക്കി നിർത്താനായില്ല.
ആരായിരുന്നു ആ സ്ത്രീ? എങ്ങോട്ടായിരുന്നു യാത്ര?  പീച്ചിയിൽ എന്തായിരുന്നു പരിപാടി? ചോദ്യങ്ങൾ പെരുക്കപ്പട്ടിക പോലെ വലുതായി വന്നു. പകൽ നേരത്ത് ആഭ്യന്തരമന്ത്രിയുടെ കാറിൽ ഒരു സ്ത്രീ കൂടി യാത്ര ചെയ്യുന്നതു കണ്ടാൽ ആളുകൾ കോൾമയിർ കൊള്ളുന്നതായിരുന്നില്ല കാലം. ഒന്നും മറച്ചുവെക്കാൻ ഇല്ലാതിരുന്ന മന്ത്രിയായിരുന്നു ചാക്കോ. മറിച്ചായിരുന്നെങ്കിൽ, താൻ വണ്ടി ഓടിച്ചതും കൊച്ചിയിലെ ഒരു കോൺഗ്രസുകാരി കുറച്ചിട തന്റെ കൂടെ പോന്നതും ഒളിക്കാൻ നോക്കാമായിരുന്നു. പക്ഷേ കോൺഗ്രസിന്റെയും ചാക്കോവിന്റെയും ആർ. ശങ്കറിന്റെയും ഗ്രഹപ്പിഴയുടെ കാലമായിരുന്നു അറുപതുകളുടെ  ആരംഭം.
ചീത്തപ്പേരിനോടൊപ്പം കോൺഗ്രസിലെ ചേരിപ്പോരായിരുന്നു ചാക്കോവിന്റെ പതനത്തിനു കാരണം. പാർട്ടി ഒറ്റക്കെട്ടായി എതിർത്തിരുന്നെങ്കിൽ പെൺകേസിന്റെ പേരിൽ അദ്ദേഹം സ്ഥാനമൊഴിയണമെന്ന മുറവിളി വിലപ്പോകുമായിരുന്നില്ല.
 മുഖ്യമന്ത്രിയായിരുന്ന ശങ്കർ തന്നെക്കാൾ കേമനെന്നു പലരും കരുതിയിരുന്ന എതിരാളിയെ വകവരുത്താൻ അടവായ അടവെല്ലാം പയറ്റിയിരുന്നത്രേ. രാജി വെച്ച ആഭ്യന്തരമന്ത്രി പിന്നീട് പതിയെപ്പതിയെ പാർട്ടിയുടെ പോർമുഖത്ത് നിന്നു പിന്മാറുന്നു, പഴയ വക്കീൽ പണി വീണ്ടും തുടങ്ങുന്നു, ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് വയനാട്ടിൽ പോയപ്പോൾ ഫലപ്രദമായ ചികിത്സ കിട്ടും മുമ്പേ മരിക്കുന്നു. 
ചാക്കോ ക്രൂശിക്കപ്പെട്ടു എന്നു കരുതിയ കോൺഗ്രസുകാർ കൂട്ടുകൂടി പുതിയൊരു പാർട്ടി ഉണ്ടാക്കാൻ ഒരുമ്പെടുകയായിരുന്നു. ചതുരംഗത്തിലെ കരുക്കൾ നീക്കുന്നതു പോലെ ആലോചിച്ചുറപ്പിച്ച് അങ്കം വെട്ടുകയല്ല രാഷ്ട്രീയത്തിൽ ആരും. 
നിനച്ചിരിക്കാതെ ചിലത് നടക്കുന്നു, അതിനെപ്പറ്റി തർക്കമാകുന്നു. ഒപ്പം നിന്നവർ കൂറു മാറുന്നു, മാളിക മുകളേറിയവർ മാറാപ്പുമായി നിലം പരിശാകുന്നു. പഴുത്ത വാഴക്കയ്യിൽ കാക്ക വന്നിരിക്കുന്നതു പോലെയാവാം പലതും പലപ്പോഴും. ഒന്നു മാത്രം മറ്റൊന്നിനു കാരണമായി എന്നു പറഞ്ഞു കൂടാ.
ചാക്കോവിനെ ഒടുക്കിയതിന്റെയും കോൺഗ്രസിൽനിന്ന് ചിലർ ഇടഞ്ഞുപോയതിന്റെയും ഉത്തരവാദിത്തം ശങ്കറിൽ കെട്ടിവെച്ചിരുന്നു. അദ്ദേഹത്തിന്റെ സർക്കാരിന്റെ തന്നെ പതനത്തിലേക്കു നയിച്ച ആ സംഭവ പരമ്പരകളെ അപോദ്ധരിച്ചുകൊണ്ട് ശങ്കർ നിയമസഭയിൽ ചെയ്ത പ്രസംഗം ചരിത്രപ്രസിദ്ധവും ഹൃദയസ്പർശിയുമായിരുന്നു.
ചാക്കോവിനെ കൊല്ലാൻ ശങ്കർ പന്നിത്തലയിൽ മാരണം ചെയ്തിരുന്നുവരെ ചില രാഷ്ട്രീയ ജ്യോൽസ്യന്മാർ കണ്ടെത്തിയിരുന്നു.  ആ ആരോപണം നേരിടുമ്പോൾ ശങ്കർ കാട്ടിയ പക്വതയും അക്ഷോഭ്യതയും എളുപ്പം കൈവരുന്ന മനുഷ്യഗുണമല്ല. 
അദ്ദേഹം പറഞ്ഞു: ഒരേ സ്ഥാനത്തിനു വേണ്ടി ശ്രമിക്കുന്ന ഒരേ പാർട്ടിക്കാരായ താനും ശങ്കറും സ്ഥാനം മാറിയാൽ ചെയ്യാവുന്ന കാര്യങ്ങളൊക്കെയേ രണ്ടു പേരും ചെയ്തിട്ടുള്ളു. ചാക്കോ തന്റെ സ്ഥാനത്തായിരുന്നെങ്കിൽ ഇപ്പോൾ താൻ ചെയ്തതൊന്നും അബദ്ധമായി കരുതുമായിരിക്കില്ല. എന്തായാലും പാർട്ടി പിളർത്താൻ രണ്ടാളും കൂട്ടുനിൽക്കില്ല. ചാക്കോ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ പേരിൽ പുതിയൊരു പാർട്ടി ഉണ്ടാക്കാനുള്ള ഉദ്യമം പച്ച പിടിക്കുമായിരുന്നില്ല. പിന്നെ പന്നിത്തലയിലെ മന്ത്രവാദം, അതിനെ ശങ്കർ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു: നോൺസെൻസ്.
എന്തായാലും, ദേശീയതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പിളരുന്നതുമായി ഒപ്പിച്ച്, ബന്ധപ്പെട്ടല്ലെങ്കിലും, 1964ൽ കോൺഗ്രസിനും ഇടഞ്ഞുനിൽക്കുന്ന അവാന്തരവിഭാഗങ്ങൾ അവിടവിടെ ഉണ്ടായി. കോൺഗ്രസിലെ പ്രാദേശികത്വത്തിന്റെ ആവിർഭാവം അതായിരുന്നെന്നു പറയാം. ക്രിസ്ത്യാനികളും ഇടത്തരക്കാരും മധ്യതിരുവിതാംകൂറുകാരും കർഷകരുമായ കേരള കോൺഗ്രസുകാർ പുതിയൊരു രാഷ്ട്രീയസ്വത്വം കൈക്കൊണ്ടപ്പോൾ നൂറ്റാണ്ടിന്റെയും ദേശീയതയുടെയും പാരമ്പര്യം പുലർത്തിപ്പോന്ന കോൺഗ്രസിന്റെ അടി ഇളകി. 
സൂക്ഷിച്ചു നോക്കിയാൽ അറിയാം, കോൺഗ്രസിന്റെ ദേശീയതക്കു ബദലായി നാമ്പിട്ടു വളർന്ന ഒരു പ്രാദേശികപ്രസ്ഥാനമല്ലായിരുന്നു കേരള കോൺഗ്രസ്. വ്യക്തിവൈരാഗ്യങ്ങളും ജാതി താൽപര്യങ്ങളും സാമ്പത്തിക സാധ്യതകളും എല്ലാം ഒന്നു ചേർന്നപ്പോൾ മുട്ടാൻ ഒരു കട്ട വണ്ടി ഉണ്ടായി.  അങ്ങനെ, ചുമ്മാറിന്റെ ഭാഷയിൽ പറഞ്ഞാൽ, കട്ട വണ്ടി മുട്ടി ഉണ്ടായ പാർട്ടി നിലവിൽ വന്നു. ആ ജന്മസാഫല്യത്തിനൊപ്പിച്ചായിരുന്നു പിന്നീടത്തെ വളർച്ച- തളർച്ചയും പിളർപ്പും ഒത്തുപോയി. പിളർപ്പ് തന്നെ വളർച്ചയായി. ചിരിയും ഉൾക്കാഴ്ചയും ഒരു പോലെ പ്രദർശിപ്പിച്ചുകൊണ്ട് കേരള കോൺഗ്രസിനെ കുറച്ചിട കയ്യിലൊതുക്കിയ കെ.എം മാണി ഒരു വാക്ജാലം ഇറക്കി. അതു വഴി 'പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും' ചെയ്യുന്ന പാർട്ടി യായി കേരള കോൺഗ്രസ്. പിളർന്നു പൊലിയുന്ന പാർട്ടികളുടെ എണ്ണം ഒടുങ്ങാത്തതായപ്പോൾ മാണി സാർ ആവിഷ്‌കരിച്ച മാർക്‌സിയൻ ശീലിലുള്ള അധ്വാനവർഗസിദ്ധാന്തം സർവാംഗീണമല്ലാതായി.
കേരള കോൺഗ്രസ് പിളർപ്പിന്റെ ചരിത്രം അനുസ്യൂതവും ആവർജ്ജകവുമായിരുന്നു. ചാക്കോവിന്റെ പാരമ്പര്യം പറഞ്ഞുവന്ന കെ.എം ജോർജ് മാണിയുമായി തെറ്റി. മാണിയുടെ കൂട്ടായിരുന്ന പി.ജെ ജോസഫ് ഒരു ആകാശയാത്രയുടെ ഉത്സാഹാതിരേകത്തോടെ ദിഗന്തങ്ങളിൽ മുട്ടിനിന്നു. 
ചാക്കോയും ജോർജും മാണിയും  കൂട്ടു കൂടുകയും കുത്തി വീഴ്ത്തുകയും വീണ്ടും കൂട്ടു കൂടുകയും ചെയ്തു. ആർക്കും അവസാനിപ്പിക്കാൻ വയ്യാത്തതാണ് വളർച്ചക്കും പിളർപ്പിനും വേണ്ടിയുള്ള ആ സമരം. അതു പൊടിപൊടിക്കുമ്പോൾ ജീവിതം മുഷിയില്ല.

Latest News