Sorry, you need to enable JavaScript to visit this website.

പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെന്ന് ബന്ധുക്കള്‍

കാസര്‍കോട്- പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചതായി ബന്ധുക്കള്‍. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രം ഇതിന് തെളിവാണെന്നും സാക്ഷിപ്പട്ടികയില്‍ കുറ്റാരോപിതരടക്കം 30 ലധികം സി.പി.എം പ്രവര്‍ത്തകരെ ഉള്‍പെടുത്തിയത് പ്രതികളെ രക്ഷപ്പെടുത്താനാണെന്നും കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ ആരോപിക്കുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം ഉണ്ടായിട്ടില്ല. കുറ്റപത്രത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

കൊലപാതകവുമായി ബന്ധമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ച സി.പി.എം പ്രവര്‍ത്തകരായ ശാസ്താ ഗംഗാധരന്‍, വ്യാപാരി വത്സരാജ് എന്നിവര്‍ കേസില്‍ പ്രധാന സാക്ഷികളായി ഉള്‍പ്പെടുത്തിയതിനെ ബന്ധുക്കള്‍ ചോദ്യം ചെയ്യുന്നു. ഗൂഢാലോചനയിലും കൊലപാതകത്തിലും പ്രതികള്‍ക്കുള്ള പങ്ക് വെളിപ്പെടുത്താന്‍ സഹായിക്കേണ്ട പ്രോസിക്യൂഷന്‍ സാക്ഷികളായ 30 പേരും സി.പി.എം പ്രവര്‍ത്തകരാണ്. പല സാക്ഷി മൊഴികളും ബന്ധിപ്പിക്കുമ്പോള്‍ 14 പ്രതികളും തമ്മില്‍ കൃത്യസമയത്ത് പരസ്പര ബന്ധമില്ലായിരുന്നുവെന്ന് തെളിയുന്ന സാഹചര്യമാണുള്ളത്. 229 സാക്ഷികളാണ് പട്ടികയിലുള്ളത്.

കേസിലെ ഒന്നാംപ്രതിയും സി.പി.എം നേതാവുമായ എം. പീതാംബരന്‍ കൃത്യത്തിന് മുമ്പ് തന്റെ മൊബൈല്‍ ഫോണിലൂടെ മറ്റു പ്രതികളെ വിളിച്ചതായാണ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നത്.

എന്നാല്‍ പിതാംബരന്റെ ഭാര്യയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മഞ്ജുഷയുടെ മൊഴിപ്രകാരം മൊബൈല്‍ ഫോണ്‍ സംഭവത്തിന് മുമ്പ് തന്നെ മറ്റൊരാള്‍ തന്നെ ഏല്‍പ്പിച്ചുവെന്നും അത് കാണുന്നില്ലെന്നുമാണ് പറയുന്നത്. കൃപേഷിന്റെയും ശരത് ലാലിന്റെയും പിതാക്കളും ബന്ധുക്കളും ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ച കല്യോട്ടെ മലഞ്ചരക്ക് വ്യാപാരി വത്സരാജ് 93 ഉം, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി.പി മുസ്തഫ 154 ാം സാക്ഷിയുമായാണ് പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

കൊല നടത്തിയ ശേഷം പ്രതികളെ കുളിച്ച് വസ്ത്രം മാറാന്‍ സഹായിച്ചു എന്ന് പറയുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം താന്നിയടിയിലെ ബിജു സി. മാത്യുവാണ് 35-ാം സാക്ഷി.
മറ്റൊരു സി.പി.എം നേതാവ് ബിനു തോമസ്, കൃപേഷിന്റെയും ശരത്തിന്റെയും ബന്ധുക്കള്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ശാസ്താ ഗംഗാധരന്റെ ഭാര്യ ഗീത, അഡ്വ. ഗോപാലന്‍ തുടങ്ങി മുപ്പതോളം സി.പി.എം പ്രവര്‍ത്തകരെയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പ്രതികള്‍ക്ക് കൃത്യമായി രക്ഷപ്പെടാന്‍ സാധിക്കുന്ന രീതിയിലാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.

കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് എച്ചിലടുക്കം ബസ് സ്റ്റോപ്പില്‍ പീതാംബരന്റെ നേതൃത്വത്തിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ ചോദ്യം ചെയ്തവരെ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
 

 

 

Latest News