Sorry, you need to enable JavaScript to visit this website.

അമ്മന്നൂരിനെയും കൂടിയാട്ടത്തേയും ഹൃദയത്തിൽ സൂക്ഷിച്ച കർണാട്

തൃശൂർ - അമ്മന്നൂർ മാധവചാക്യാരെ കാണുംവരെ ഗിരീഷ് കർണാടിന്റെ കാഴ്ചപ്പാടുകൾ വേറെയായിരുന്നു. അദ്ദേഹത്തെ കണ്ട ശേഷം താനാകെ മാറിയെന്ന് കർണാട് പിന്നീട് വെളിപ്പെടുത്തി. കണ്ടില്ലായിരുന്നുവെങ്കിൽ താൻ പലതും അറിയാതെ പോകുമായിരുന്നുവെന്നും കർണാട് പറഞ്ഞു. കേരളത്തേയും കൂടിയാട്ടത്തേയും വല്ലാതെ ഇഷ്ടപ്പെട്ട കലാകാരനായിരുന്നു ഗിരീഷ് കർണാട്. കാണുമ്പോൾ ഗൗരവക്കാരനും കാർക്കശ്യക്കാരനുമാണെന്ന് തോന്നുമെങ്കിലും അടുത്തിടപഴകിയാൽ മാത്രമേ കർണാടിനെ അടുത്തറിയാനാകൂവെന്ന് പറയുന്നത് ശരിയാണെന്ന് തൃശൂരിൽ അമ്മന്നൂർ പുരസ്‌കാരം സ്വീകരിക്കാനെത്തിയപ്പോൾ മനസിലായി. അന്ന് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ച് നടത്തിയ പ്രസംഗം അദ്ദേഹം കേരളത്തേയും കൂടിയാട്ടമെന്ന കലയേയും എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ വാക്കുകളായിരുന്നു.
കഴിഞ്ഞ വർഷം പത്താമത് അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ചാണ് ഗിരീഷ് കർണാടിന് അമ്മന്നൂർ പുരസ്‌കാരം സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലൻ തൃശൂരിൽ വെച്ച് സമ്മാനിച്ചത്. ശാരീരികമായി ഏറെ അവശനായിരുന്നുവെങ്കിലും പുരസ്‌കാരം സ്വീകരിക്കാൻ ഗിരീഷ് കർണാട് എത്തിയിരുന്നു. അസുഖവും ക്ഷീണവും ശരീരത്തിന് മാത്രമായിരുന്നു. മനസിനപ്പോഴും ഉശിരും ആവേശവും ഒരു കുറവുമുണ്ടായിരുന്നില്ല. നാടകത്തെക്കുറിച്ചും സമകാലീന ഇന്ത്യൻ കലാരംഗത്തെ അവസ്ഥകളെക്കുറിച്ചുമൊക്കെ ആവേശത്തോടും വിമർശനാത്മകമായും സംസാരിക്കാൻ അദ്ദേഹം താത്പര്യം കാണിച്ചു. ഒപ്പമുണ്ടായിരുന്നവർ അധികം സംസാരിക്കേണ്ടെന്ന് പറഞ്ഞ് സ്‌നഹത്തോടെ വിലക്കിയെങ്കിലും..
അന്ന് ചടങ്ങിൽ ഉണ്ടായിരുന്ന കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിതയെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗിരീഷ് കർണാട് തങ്ങൾ ഒരുമിച്ചഭിനയിച്ച സിനിമയെക്കുറിച്ച് പരാമർശിച്ചു. ഭരതൻ സംവിധാനം ചെയ്ത നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് ഗിരീഷ് കർണാട് അന്ന് ഓർമിച്ചു പറഞ്ഞപ്പോൾ താൻ ഏറെ അത്ഭുതപ്പെട്ടുവെന്ന് ലളിത പിന്നീട് പറഞ്ഞു.

അമ്മന്നൂർ പുരസ്‌കാരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അംഗീകാരവുമാണെന്നായിരുന്നു അന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കർണാട് സന്തോഷത്തോടും അഭിമാനത്തോടും പറഞ്ഞത്. 1989ലാണ് ജീവിതത്തിലെ ഏറ്റവും തൃപ്തിയനുഭവിച്ച നിമിഷമുണ്ടായതെന്ന് അന്ന് അദ്ദേഹം ഓർമിച്ചു. കേരളത്തിൽ വെച്ച് കൂടിയാട്ടത്തെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 1989ലെ ആ ദിവസങ്ങളെക്കുറിച്ച് കർണാട് അന്ന് സംസാരിക്കുകയും ചെയ്തു. കൂടിയാട്ടത്തിന്റെ സംരക്ഷണത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും കൂടിയാട്ടത്തെ പരിപോഷിപ്പിക്കുന്നതിനായി അഞ്ചുലക്ഷം രൂപ സമാഹരിക്കുകയും ചെയ്തത് ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ അനുഭവമായാണ് ഗിരീഷ് കർണാട് വിശേഷിപ്പിച്ചത്. ആ തുക കലാകാരൻമാർക്കും കൂടിയാട്ടത്തിനും സഹായകമായ വിധത്തിൽ വിതരണം ചെയ്യാൻ സാധിച്ചതിലും കർണാട് ആനന്ദം പ്രകടിപ്പിച്ചു.

അമ്മന്നൂർ പുരസ്‌കാരം സ്വീകരിച്ച് ഗിരീഷ് കർണാട് നടത്തിയ മറുപടി പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ -
എല്ലാ കാലത്തും കേരളത്തോടും കൂടിയാട്ടത്തോടും എനിക്ക് മമതയുണ്ട്. അതെന്നെ കേരളവുമായി അടുപ്പിക്കുന്നു. കൂടിയാട്ടത്തെ നാടൻ കലയായി ചിത്രീകരിക്കാൻ ശ്രമമുണ്ടായപ്പോൾ അത് പരമ്പരാഗത കലാരൂപമാണെന്ന് പറയാനുള്ള ഒരു അവസരവും ഒരിക്കലുണ്ടായിട്ടുണ്ട്. കലാകാരനെന്ന നിലയിൽ ഇക്കാര്യത്തിൽ വലിയ സന്തോഷം തോന്നി. ആരോഗ്യസ്ഥിതി വളരെ മോശമായ അവസ്ഥയിലാണിപ്പോൾ. എങ്കിലും കേരളത്തിലെത്തിയത് അമ്മന്നൂരിന്റെ പേരിലുള്ള ഈ പുരസ്‌കാരം സ്വീകരിക്കാനാണ്. ഇതെന്നിൽ സന്തോഷവും അഭിമാനവും നിറയ്ക്കുന്നു...അമ്മന്നൂരിനെ അറിയുകയും കൂടിയാട്ടത്തിന്റെ അഭിനയചിട്ടകൾ മനസിലാക്കിയതും തന്റെ അഭിനയ ജീവിതത്തിന് മുതൽക്കൂട്ടായി.  അമ്മന്നൂർ  പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയില്ലെങ്കിൽ അത് വലിയ നിരാശയായിത്തീർന്നേനെ...
 

Latest News