റിയാദ്- തലസ്ഥാന പ്രവിശ്യയിലെ ഒരു ഈദ് ഗാഹിൽ പെരുന്നാൾ ഖുതുബ കഴിഞ്ഞതിന് ശേഷം ആകാശത്തേക്ക് വെടിയുതിർത്ത വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ഉത്തരവിട്ടു. ആളുകളെ ഭയചകിതരാക്കിയ സംഭവത്തിന്റെ വീഡിയോ ക്ലിപ്പിംഗ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതേ തുടർന്നാണ് ഗവർണർ ഇയാളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ഉത്തരവിറക്കിയതെന്ന് ഗവർണറേറ്റ് വക്താവ് അലൂശ് ബിൻ ഫാരിഹ് ബിൻ ബാദി അറിയിച്ചു. നേരത്തെ, ആഘോഷ ചടങ്ങിനിടെ യന്ത്രത്തോക്ക് ഉപയോഗിച്ച് നിറയൊഴിച്ച യുവാവിനെ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅ്ജബിന്റെ നിർദേശാനുസരണം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.