മോഡിയുടെ തുലാഭാരത്തിന് എത്തിച്ചത്  മുസ്‌ലിം കര്‍ഷകരുടെ താമരപ്പൂക്കള്‍ 

തിരുനാവായ, മലപ്പുറം- പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് തുലാഭാരം നടത്തിയത് തിരുന്നാവായയില്‍ നിന്നുള്ള താമരപ്പൂക്കള്‍ കൊണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലേക്കെല്ലാം ഇവിടെനിന്നും പൂക്കള്‍ പോകുന്നുണ്ട്. ഇവ കൃഷി ചെയ്യുന്നത് മുപ്പതോളം മുസ്‌ലിം കുടുംബങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
111 കിലോ താമരയാണ് പ്രധാനമന്ത്രിക്കു വേണ്ടി സംഭരിച്ചു വെച്ചിരുന്നത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിനു സമീപത്തെ താമരക്കായലുകളിലാണ് താമരക്കൃഷി നടക്കുന്നത്. സമീപത്തുള്ള മറ്റ് കായലുകളിലും താമരക്കൃഷിയുണ്ട്. വലിയ പറപ്പൂര്‍, കൊടക്കല്‍ വാവൂര്‍ കായല്‍,പല്ലാറ്റ് കായല്‍, മാണൂക്കായല്‍, വീരാഞ്ചിറ എന്നിവിടങ്ങളിലെല്ലാം താമരകള്‍ വിളയിക്കുന്നു.
നാവാമുകുന്ദക്ഷേത്രത്തിലേക്കും ഗുരുവായൂരിലേക്കും തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രത്തിലേക്കുമെല്ലാം ഇവിടെനിന്ന് താമരകള്‍ പോകുന്നു. കോഴിക്കോട് തളി, കാടാമ്പുഴ, ആലത്തൂര്‍ ഹനുമാന്‍കാവ്, തൃപ്രങ്ങോട്, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലേക്കും താമരകള്‍ പോകുന്നത് ഈ കൃഷിയിടങ്ങളില്‍ നിന്നുണാണ്.താമരപ്പൂക്കളുടെ കൃഷിയെ കൃഷിയായി അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാരണത്താല്‍ കൃഷിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കാറില്ല.

Latest News