അബുദാബി- ഒരാഴ്ച നീണ്ട പെരുന്നാള്‍ അവധിക്കു ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും തുറന്നു. കൊടും ചൂടിലേക്കാണ് ജനങ്ങള്‍ ഇന്നു മുതല്‍ ഇറങ്ങിയത്. രാജകുമാരന്മാരുടെ വിവാഹാഘോഷവും ദുബായ് അപകടത്തിന്റെ നടുക്കവും കഴിഞ്ഞാണ് സാധാരണ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത്.
അവധിക്കു ശേഷം വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതു പാദവര്‍ഷ പരീക്ഷയാണ്. പരീക്ഷയും വിമാന നിരക്ക് വര്‍ധനയും കാരണം നീണ്ട അവധി കിട്ടിയിട്ടും പലരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരുന്നു.
വിവിധ എമിറേറ്റുകളില്‍ താപനില 41-45 ഡിഗ്രി സെല്‍ഷ്യസായിരുന്നു. വരും ദിവസങ്ങളില്‍ ചൂടു കൂടാനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
എമിഗ്രേഷന്‍, നഗരസഭ, ഗതാഗത, വൈദ്യുതി വകുപ്പുകളില്‍ തിരക്കു നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ ഉള്‍പ്പെടെ ചില വകുപ്പുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി.