കൊച്ചി- സ്വന്തം ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് സുപ്രധാനമായ ഈ വിധി.
പക്ഷെ ഇവ കൈവശം വെക്കുന്നത് കുറ്റകരം അല്ലെങ്കിലും ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2008 ല്‍ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ബസ് കാത്ത് നിന്ന കമിതാക്കളുടെ ബാഗില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണിലും ഡിജിറ്റല്‍ കാമറയിലും ഇവരുടെ സ്വന്തം നഗ്‌നചിത്രങ്ങളും വിഡിയോകളും കണ്ടെടുത്ത കേസിലാണ് വിധി.
സ്ത്രീയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ യുവാവിനെ ഒന്നാം പ്രതിയും യുവതിയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍ഡീസന്റ് റെപ്രെസന്റേഷന്‍ ഓഫ് വുമണ്‍ (പ്രൊഹിബിഷന്‍) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അതിനാല്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവാവും യുവതിയും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
യുവാവ് തന്റെ പങ്കാളിയാണെന്നും ദൃശ്യങ്ങളടങ്ങിയ ക്യാമറ തന്റെതാണെന്നും യുവതി കോടതിയെ അറിയിച്ചു. യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ യുവാവ് പ്രചരിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.
കമിതാക്കളുടെ വാദം പരിഗണിച്ച് സ്വന്തം നഗ്‌നചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് കോടതി വിധിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായവര്‍ സ്വന്തം നഗ്‌നചിത്രങ്ങളോ വീഡിയോകളോ സൂക്ഷിച്ചാല്‍ അത് കുറ്റകരം അല്ലെന്നും എന്നാല്‍ ഇത്തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.