തിരുവനന്തപുരം- കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് കേസില്‍ പിടിയിലായ യുവമോര്‍ച്ച നേതാവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ബി.ജെ.പി ഉന്നത നേതാക്കളുമായി പ്രതിക്ക് ബന്ധമുള്ളതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും ഡിജിപിക്ക് നല്‍കിയ കത്തില്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ശ്രീനാരായണപുരം ഏരാശേരി ഹര്‍ഷന്റെ മകനും ബി.ജെ.പി എസ്.എന്‍ പുരം ബൂത്ത് പ്രസിഡന്റുമായ രാഗേഷി(31 )നെയാണു വ്യാഴാഴ്ച മതിലകം പോലീസ് അറസ്റ്റുചെയ്തത്. അമിതപലിശയ്ക്കു കടം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. പോലീസിന്റെ മിന്നല്‍പരിശോധനയില്‍ 1,37,000 രൂപയുടെ കള്ളനോട്ടും മെഷീനും പിടിച്ചെടുത്തു.
അതിനിടെ, കേസിലെ രണ്ടാം പ്രതിയും പാര്‍ട്ടി കയ്പമംഗലം നിയോജക മണ്ഡലം നേതാവും ഒ.ബി.സി മോര്‍ച്ച സെക്രട്ടറിയുമായ രാജീവ് ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രന്‍, എം.ടി. രമേശ് തുടങ്ങിയവരോടൊപ്പമുള്ള ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
അറസ്റ്റിലായ രാഗേഷിന്റെ സഹോദരനാണ് രാജീവ്. ഇയാള്‍ ഒളിവിലാണ്. തൃശൂര്‍ ജില്ലയിലെ സംഘപരിവാര്‍ ജില്ലയില്‍ നടത്തിയിരുന്ന ബിജെപി-ആര്‍എസ്എസ് പരിപാടികളുടെ പ്രധാന സംഘാടകനായിരുന്ന രാജീവാണ് പരിപാടികളുടെ ചെലവുകള്‍ വഹിച്ചിരുന്നതും രാജീവാണെന്ന് പറയുന്നു.
പാര്‍ട്ടി പദവികള്‍ ഉപയോഗിച്ചാണ് രാജീവ് പലിശയ്ക്ക് പണം കൊടുത്തിരുന്നത്. പണം തിരിച്ചുപിടിക്കാന്‍ ഗുണ്ടാ സംഘവും ഉണ്ടായിരുന്നു.
രാഗേഷ് പലിശയ്ക്ക് പണം കൊടുക്കുന്നുവെന്ന് പോലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പുതിയ 2000, 500 കറന്‍സികളാണ് പ്രധാനമായും അച്ചടിച്ച് വിതരണം ചെയ്തിരുന്നത്. വീടിന്റെ മുകള്‍നിലയിലെ പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരുന്നു അച്ചടി. 50, 20 രൂപയുടെ വ്യാജനോട്ടുകളും പിടിച്ചെടുത്തു.
രണ്ടായിരത്തിന്റെ 50 നോട്ടും അഞ്ഞൂറിന്റെയും അമ്പതിന്റെയും പത്തുനോട്ട് വീതവും ഇരുപതിന്റെ 12 നോട്ടുമാണ് പിടിച്ചെടുത്തത്. നോട്ട് തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, ബോണ്ട് പേപ്പര്‍, കളര്‍ പ്രിന്റര്‍, മഷി എന്നിവയും പോലീസ് പിടിച്ചെടുത്തു. നോട്ടിന്റെ അതേ മാതൃകയില്‍ കംപ്യൂട്ടറില്‍ കറന്‍സി തയ്യാറാക്കി കറന്‍സി നോട്ടിനു സമാനമായ പേപ്പറില്‍ പ്രിന്റെടുത്ത് മുറിച്ചാണ് വിതരണം ചെയ്തിരുന്നത്. പെട്രോള്‍ പമ്പിലും ബാങ്കുകളിലുമാണ് പ്രധാനമായും നോട്ടുകള്‍ മാറ്റിയിരുന്നത്.