Sorry, you need to enable JavaScript to visit this website.

സൗദിയിൽ വന്‍ വളര്‍ച്ച; നാണയ ക്രയവിക്രയം 27 കോടി കവിഞ്ഞു

റിയാദ് - ഏപ്രിലിൽ സൗദിയിൽ നാണയ ക്രയവിക്രയം 27 കോടി റിയാൽ കവിഞ്ഞതായി ഔദ്യോഗിക കണക്ക്. ആദ്യമായാണ് നാണയ ക്രയവിക്രയം ഇത്രയും ഉയരുന്നത്. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ നാണയ ക്രയവിക്രയത്തിൽ 8.77 ശതമാനം വളർച്ച രേഖപ്പെടുത്തി. മാർച്ചിൽ 24.8 കോടി റിയാലിന്റെ നാണയക്രയവിക്രയമാണ് നടന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ നാണയ ക്രയവിക്രയത്തിൽ 182 ശതമാനം വളർച്ചയുണ്ടായി. 2018 ഏപ്രിലിൽ ഒമ്പതര കോടി റിയാലിന്റെ നാണയങ്ങളാണ് ക്രയവിക്രയം ചെയ്തത്. 
ഏപ്രിൽ മാസത്തിൽ ആകെ നാണയ ക്രയവിക്രയത്തിന്റെ 40 ശതമാനവും ഒരു റിയാൽ നാണയമാണ്. 10.8 കോടി റിയാലിന്റെ ഒരു റിയാൽ നാണയം ഏപ്രിൽ മാസത്തിൽ ക്രയവിക്രയം ചെയ്തു. രണ്ടാം സ്ഥാനത്ത് അര റിയാൽ നാണയമാണ്. ആകെ ക്രയവിക്രയം ചെയ്ത നാണയങ്ങളിൽ 23.7 ശതമാനം അര റിയാൽ നാണയമാണ്. ഏപ്രിലിൽ ആകെ 6.4 കോടിയിലേറെ റിയാലിന്റെ അര റിയാൽ നാണയം ക്രയവിക്രയം ചെയ്തു. മൂന്നാം സ്ഥാനത്ത് രണ്ടു റിയാൽ നാണയമാണ്. ആറു കോടി റിയാലിന്റെ രണ്ടു റിയാൽ നാണയങ്ങൾ ക്രയവിക്രയം ചെയ്തു. ആകെ ക്രയവിക്രയം ചെയ്ത നാണയങ്ങളിൽ 22 ശതമാനം രണ്ടു റിയാൽ നാണയമാണ്. മൂന്നു കോടിയോളം റിയാലിന്റെ 25 ഹലല നാണയങ്ങളും ഏപ്രിൽ മാസത്തിൽ ക്രയവിക്രയം ചെയ്തു. ആകെ ക്രയവിക്രയം ചെയ്യപ്പെട്ട നാണയങ്ങളിൽ 11 ശതമാനം 25 ഹലല നാണയങ്ങളായിരുന്നു. 10, 5, 1 ഹലല ഇനങ്ങളിൽ പെട്ട 78.6 ലക്ഷം റിയാലിന്റെ നാണയങ്ങൾ ഏപ്രിലിൽ ക്രയവിക്രയം ചെയ്തു. ആകെ ക്രയവിക്രയം ചെയ്യപ്പെട്ട നാണയങ്ങളിൽ 2.91 ശതമാനം ഈ ഗണത്തിൽ പെട്ടവയായിരുന്നു. 
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ഒരു റിയാൽ നാണയത്തിന്റെ ക്രയവിക്രയത്തിലാണ് ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത്. ഒരു റിയാൽ നാണയത്തിന്റെ ക്രയവിക്രയത്തിൽ 366 ശതമാനം വളർച്ചയുണ്ടായി. 2018 ഏപ്രിൽ മാസത്തിൽ 2.9 കോടി റിയാലിന്റെ ഒരു റിയാൽ നാണയം മാത്രമാണ് ക്രയവിക്രയം ചെയ്തത്. അര റിയാൽ നാണയത്തിന്റെ ക്രയവിക്രയത്തിൽ ഒരു വർഷത്തിനിടെ 216 ശതമാനം വളർച്ച രേഖപ്പെടുത്തി. 2018 ഏപ്രിലിൽ 2.9 കോടി റിയാലിന്റെ അര റിയാൽ നാണയങ്ങളാണ് ക്രയവിക്രയം ചെയ്തത്. ഒരു ഹലലയുടെ 50 കോടി നാണയങ്ങൾ കൂടി അടിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് ഘട്ടംഘട്ടമായാണ് ഇത്രയും ഒരു ഹലല നാണയം അടിക്കുക. ഒരു ഹലല നാണയങ്ങൾ കൂടുതൽ അടിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകിയിരുന്നു. 

Latest News