റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ ബാങ്ക് ശാഖകളുടെ എണ്ണം 2,084 ആയി ഉയർന്നു. പന്ത്രണ്ടു സൗദി ബാങ്കുകളും പതിനഞ്ചു വിദേശ ബാങ്കുകളും സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. പതിനഞ്ചും അതിൽ കൂടുതലും പ്രായമുള്ളവർക്ക് സൗദിയിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് അനുമതിയുണ്ട്. ഈ പ്രായവിഭാഗത്തിൽ പെട്ട 12,100 പേർക്ക് ഒരു ബാങ്ക് ശാഖ വീതം സൗദിയിലുണ്ടെന്നാണ് കണക്ക്.
ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറവ് ബാങ്ക് ശാഖകളുള്ളത് ജിസാനിലാണ്. സൗദിയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ആറാമത്തെ പ്രവിശ്യയാണ് ജിസാൻ. ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ബാങ്ക് ശാഖകളുള്ളത് അൽഖസീം പ്രവിശ്യയിലാണ്. എന്നാൽ ജിസാനെ അപേക്ഷിച്ച് അൽഖസീമിൽ ജനസംഖ്യ കുറവാണ്.
സൗദിയിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ളത് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, അസീർ, മദീന, ജിസാൻ പ്രവിശ്യകളിലാണ്. അൽഖസീമിൽ 15 ഉം അതിൽ കൂടുതലും പ്രായമുള്ള 8,900 പേർക്ക് ഒരു ബാങ്ക് ശാഖ വീതമുണ്ട്. ഏറ്റവും ജനസംഖ്യയുള്ള മക്ക പ്രവിശ്യ ബാങ്ക് ശാഖകളുടെ എണ്ണത്തിൽ പത്താം സ്ഥാനത്താണ്. മക്ക പ്രവിശ്യയിൽ 15,300 പേർക്ക് ഒരു ബാങ്ക് ശാഖ വീതമാണുള്ളത്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ പ്രവിശ്യ റിയാദ്. ഇവിടുത്തെ ജനസംഖ്യ 84.5 ലക്ഷമാണ്. എന്നാൽ ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ശാഖകളുടെ എണ്ണത്തിൽ റിയാദ് പ്രവിശ്യ മൂന്നാം സ്ഥാനത്താണ്. റിയാദ് പ്രവിശ്യയിൽ 15 ഉം അതിൽ കൂടുതലും പ്രായമുള്ള 10,200 പേർക്ക് ഒരു ബാങ്ക് ശാഖ വീതമാണുള്ളത്.
സൗദിയിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ പ്രവിശ്യ കിഴക്കൻ പ്രവിശ്യയാണ്. ജനസംഖ്യാനുപാതത്തിൽ ബാങ്കു ശാഖകളുടെ എണ്ണത്തിൽ കിഴക്കൻ പ്രവിശ്യ രണ്ടാം സ്ഥാനത്താണ്. കിഴക്കൻ പ്രവിശ്യയിൽ 9,500 പേർക്ക് വീതം ഒരു ബാങ്ക് ശാഖയുണ്ട്. ജനസംഖ്യാടിസ്ഥാനത്തിൽ നാലാം സ്ഥാനത്തുള്ള അസീർ പ്രവിശ്യ ബാങ്ക് ശാഖാ അനുപാതത്തിൽ അഞ്ചാം സ്ഥാനത്താണ്. അസീർ പ്രവിശ്യയിൽ 15 ഉം അതിൽ കൂടുതലും പ്രായമുള്ള 12,900 പേർക്ക് ഒരു ബാങ്ക് ശാഖ വീതമാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്തുള്ള മദീന പ്രവിശ്യ ബാങ്ക് ശാഖാനുപാതത്തിൽ ഒമ്പതാം സ്ഥാനത്താണ്. മദീനയിൽ 14,900 പേർക്ക് ഒരു ബാങ്ക് ശാഖ വീതമാണുള്ളത്.
ജനസംഖ്യാടിസ്ഥാനത്തിൽ ആറാമതും ബാങ്ക് ശാഖാനുപാതത്തിൽ അവസാന സ്ഥാനത്തുമുള്ള ജിസാനിൽ 15 ഉം അതിൽ കൂടുതലും പ്രായമുള്ള 22,200 പേർക്ക് ഒരു ബാങ്ക് ശാഖ വീതമാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തിൽ അൽഖസീം പ്രവിശ്യ ഏഴാം സ്ഥാനത്താണ്. എന്നാൽ ജനസംഖ്യാനുപാതത്തിൽ ബാങ്ക് ശാഖകളുടെ എണ്ണത്തിൽ അൽഖസീം പ്രവിശ്യ ഒന്നാം സ്ഥാനത്താണ്. അൽഖസീമിൽ 8,900 പേർക്ക് ഒരു ബാങ്ക് ശാഖ വീതമുണ്ട്. ജനസംഖ്യാടിസ്ഥാനത്തിൽ എട്ടാം സ്ഥാനത്തുള്ള തബൂക്കിൽ ബാങ്ക് ശാഖാനുപാതത്തിൽ ആറാം സ്ഥാനത്താണ്. ഇവിടെ 13,000 പേർക്ക് ഒരു ബാങ്ക് ശാഖ വീതമുണ്ട്.
ജനസംഖ്യാടിസ്ഥാനത്തിൽ ഒമ്പതാം സ്ഥാനത്ത് ഹായിലാണ്. ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ശാഖകളുടെ എണ്ണത്തിൽ ഹായിൽ നാലാം സ്ഥാനത്താണ്. ഇവിടെ 12,800 പേർക്ക് ഒരു ബാങ്ക് ശാഖ വീതമാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തിൽ പത്താം സ്ഥാനത്തുള്ള നജ്‌റാൻ ബാങ്ക് ശാഖാനുപാതത്തിൽ പതിനൊന്നാം സ്ഥാനത്താണ്. നജ്‌റാനിൽ 15,700 പേർക്ക് ഒരു ബാങ്ക് ശാഖ വീതമാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തിൽ പതിനൊന്നാം സ്ഥാനത്തുള്ള അൽജൗഫ് പ്രവിശ്യ ബാങ്ക് ശാഖാനുപാതത്തിൽ ഏഴാം സ്ഥാനത്താണ്. ഇവിടെ 13,200 പേർക്ക് ഒരു ബാങ്ക് ശാഖ വീതമുണ്ട്. സൗദിയിൽ ജനസംഖ്യ കൂടിയ പന്ത്രണ്ടാമത്തെ പ്രവിശ്യയാണ് അൽബാഹ. എന്നാൽ ജനസംഖ്യാനുപാതത്തിൽ ബാങ്ക് ശാഖകളുടെ എണ്ണത്തിൽ അൽബാഹ എട്ടാം സ്ഥാനത്താണ്.
ഇവിടെ 13,900 പേർക്ക് ഒരു ബാങ്ക് ശാഖ വീതമുണ്ട്. സൗദിയിൽ ജനസംഖ്യ ഏറ്റവും കുറവ് ഉത്തര അതിർത്തി പ്രവിശ്യയിലാണ്. ജനസംഖ്യാനുപാതത്തിൽ ബാങ്ക് ശാഖകളുടെ എണ്ണത്തിൽ ഉത്തര അതിർത്തി പ്രവിശ്യ പന്ത്രണ്ടാം സ്ഥാനത്താണ്. ഇവിടെ 15 ഉം അതിൽ കൂടുതലും പ്രായമുള്ള 15,900 പേർക്ക് ഒരു ബാങ്ക് ശാഖ വീതമുണ്ടെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെയും മറ്റു ഔദ്യോഗിക വകുപ്പുകളുടെയും കണക്കുകൾ വ്യക്തമാക്കുന്നു.