Sorry, you need to enable JavaScript to visit this website.

കാണാതായ കാസര്‍കോട്ടെ വീട്ടമ്മയെ ഒമാനില്‍ കണ്ടെത്തി

കാസര്‍കോട്- കാസര്‍കോട്‌നിന്ന് കാണാതായ വീട്ടമ്മയെ ഒമാനില്‍ കണ്ടെത്തി. യുവതിയുടെ തിരോധാനത്തിന് പിന്നില്‍ മനുഷ്യക്കടത്ത് സംഘമാണെന്ന് പോലീസ് പറയുന്നു.യുവതിക്കൊപ്പം വേറെ ഏഴ് സ്ത്രീകളെയും ഒമാനിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മെയ് 10 നാണ് കാസര്‍കോട് അണങ്കൂര്‍ പച്ചക്കാട്ടെ റംലയെ (42) കാണാതായത്. പരേതനായ പച്ചക്കാട്ടെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്. കാഞ്ഞങ്ങാട് നബാര്‍ഡിന്റെ ട്രെയിനിംഗ് ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് റംലയുടെ മകന്‍ പരാതിയുമായി പോലീസിലെത്തുകയായിരുന്നു.
പോലീസ് ബന്ധുക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി ഒമാനിലുണ്ടെന്ന് വിവരം ലഭിച്ചത്. ഷാര്‍ജയിലുള്ള മരുമകന്‍ ഒമാനിലെത്തുകയും യുവതി കഴിയുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. ഏക്കര്‍ കണക്കിന് സ്ഥലത്തുള്ള ഒരു വലിയ ഫാമിലാണ് നിരവധി സ്ത്രീകളെ പാര്‍പ്പിച്ചിരുന്നതെന്ന് പറയുന്നു. ഒട്ടകം, ആട് വളര്‍ത്ത് കേന്ദ്രവും മുന്തിരി തോട്ടവും, മത്സ്യ വളര്‍ത്ത് കേന്ദ്രവും ഉള്‍പ്പെടുന്ന വലിയ ഫാമായിരുന്നു അത്. റംലയ്‌ക്കൊപ്പം തിരുവനന്തപുരം സ്വദേശിനി ഖദീജയും (40) അവിടെ ഉണ്ടായിരുന്നു.
ഖദീജയും റംലയും മെയ് 10 ന് മംഗളൂരുവില്‍ എത്തുകയും അവിടെ നിന്ന് നസീര്‍ എന്നയാള്‍ക്കൊപ്പം ഹൈദരാബാദില്‍ ചെന്ന ശേഷം എട്ട് പേരടങ്ങുന്ന സ്ത്രീകളുടെ സംഘമാണ് ഒമാനിലേക്ക് പറന്നത്. സ്ഥിരമായി പല വ്യവസായ-സംരംഭകത്വ ട്രെയിനിംഗ് ക്ലാസുകളിലും പോകാറുള്ള റംല അവിടെ വെച്ചാണ് ഖദീജയെ പരിചയപ്പെട്ടത്. പിന്നീട് വാട്‌സ്ആപ്പ് വഴി ബന്ധം തുടരുകയായിരുന്നു. ട്രെയിനിംഗ് ക്ലാസുകള്‍ നടക്കുന്ന സ്ഥലങ്ങളിലെയെല്ലാം സ്ഥിരം സാന്നിധ്യമായിരുന്ന നസീറാണ് ഇവരെ ഒമാനിലേക്ക് കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ട്. ഷാര്‍ജയിലുള്ള മരുമകന്‍, റംലക്കെതിരെ കാസര്‍കോട്ട് മിസ്സിംഗ് കേസുണ്ടെന്നും കോടതിയില്‍ ഹാജരാക്കേണ്ടതുണ്ടെന്നും ഫാം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ടിക്കറ്റെടുത്ത് നാട്ടിലേക്ക് അയക്കുകയായിരുന്നു. നല്ല ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് തങ്ങളെ ഒമാനിലേക്ക് കൊണ്ടുപോയതെന്ന് റംല പോലീസിലും കോടതിയിലും മൊഴി നല്‍കി. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.  നസീറിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
പെരുന്നാളിന്റെ തലേന്ന് രാത്രിയാണ് റംലയെ കാസര്‍കോട്ടെത്തിച്ചത്. കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. ഇവരുടെ മൊബൈല്‍ തകരാറിലാണെന്നും പിന്നീട് പരിശോധിച്ച് നസീര്‍ അടക്കമുള്ളവരുടെ ബന്ധങ്ങള്‍ അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്. കേരളത്തിന്റെ പല ഭാഗത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ നിരവധി സ്ത്രീകളെ സംഘം ഫാമുകളിലേക്ക് കടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു.  

 

 

Latest News