ദുബായ്- ഭൂമിക്കടിയിലൂടെ പരക്കുന്ന ജലത്തിന് അതിര്‍ത്തിഭേദമില്ല. ദേശാതിര്‍ത്തികള്‍ക്കപ്പുറത്തേക്കാണ് ജീവജലവുമായി നദികള്‍ പ്രവഹിക്കുന്നത്. ജോഗീന്ദര്‍ സിംഗ് സലാറിയ എന്ന ഇന്ത്യക്കാരനുമില്ല, അതിര്‍ത്തിയില്‍ ഒതുങ്ങുന്ന കാരുണ്യപ്രവാഹം. അത് ഇന്ത്യയുടെ അതിര്‍ത്തി ഭേദിച്ച് പാക്കിസ്ഥാനിലേക്ക് ഒഴുകുന്നു.
പാക്കിസ്ഥാനിലെ തര്‍പാര്‍ക്കര്‍ ജില്ലയില്‍ ഒരിറ്റു കുടിവെള്ളത്തിന് കേഴുന്ന പാവങ്ങളുടെ വിലാപം തറച്ചത് സലാറിയയുടെ ഹൃദയത്തിലാണ്. ദുബായില്‍ ജോലി ചെയ്യുന്ന സലാറിയ ഒട്ടും അമാന്തിച്ചില്ല. പാക്കിസ്ഥാനിലെ സഹോദരങ്ങള്‍ക്കായി വെള്ളമെത്തിക്കാന്‍ തന്നെ തീരുമാനിച്ചു.
2012 ല്‍ ന്യൂദല്‍ഹിയില്‍ സലാറിയ സ്ഥാപിച്ച പെഹാല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തര്‍പാക്കറിലെ ഒരു സാമൂഹിക പ്രവര്‍ത്തകനുമായി സ്ഥാപിച്ചത് 62 കുഴല്‍ കിണറുകളാണ്. പുല്‍വാമയിലെ ആക്രമണത്തിന് ശേഷം ഇന്ത്യ-പാക് സംഘര്‍ഷം ശക്തമായിരുന്ന സമയത്തും ഞങ്ങള്‍ ഇവിടെ വാട്ടര്‍ പമ്പുകള്‍ സ്ഥാപിക്കുകയായിരുന്നു- സലാറിയ പറഞ്ഞു. കൂടാതെ പാക് ഗ്രാമങ്ങളിലേക്ക് ധാന്യചാക്കുകളും അദ്ദേഹം അയച്ചു.
1993 മുതല്‍ യു.എ.ഇയിലുണ്ട് 48 കാരനായ സലാറിയ. പെഹാല്‍ ഇന്റര്‍നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന പേരില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുകയാണ് അദ്ദേഹം. ബിസിനസില്‍നിന്ന് ഉണ്ടാക്കുന്നതിന്റെ നല്ലൊരു ഭാഗം സമൂഹത്തിന് തിരിച്ചു നല്‍കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് അദ്ദേഹം പാക് സാമൂഹിക പ്രവര്‍ത്തകരെ ബന്ധപ്പെട്ടതും തന്റെ സേവനപദ്ധതിയുമായി അവരെ ഇണക്കിച്ചേര്‍ത്തതും.