Sorry, you need to enable JavaScript to visit this website.

പുതുവൈപ്പ് പദ്ധതി  ഉപേക്ഷിക്കില്ല -മുഖ്യമന്ത്രി 

കൊച്ചി - പുതുവൈപ്പ് എൽ പി ജി ടെർമിനൽ പദ്ധതി വേണ്ടെന്ന സമീപനം സർക്കാർ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവൈപ്പ് മുതൽ ജി എസ് ടിവരെയുള്ള വിവിധ വിഷയങ്ങളിൽ പൗരസമൂഹവുമായി കൊച്ചിയിൽ ആശയവിനിമയം നടത്തിയപ്പോഴാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. 
തുടക്കം നന്നായെങ്കിലും വിവാദങ്ങളിൽ സർക്കാരിന്റെ നല്ല കാര്യങ്ങൾ മറയ്ക്കപ്പെടുന്നു എന്ന വിമർശനത്തിന് മറുപടി നൽകിയ മുഖ്യമന്ത്രി, വിവാദങ്ങൾക്ക് പിറകെ പോകാൻ സർക്കാരിനെ കിട്ടില്ലെന്നും വ്യക്തമാക്കി. വിവാദങ്ങൾ സർക്കാർ മനഃപൂർവം സൃഷ്ടിക്കുന്നതല്ല. കേരളത്തിൽ വിവാദങ്ങൾക്ക് ഒരിടമുണ്ട്. അവഗണിക്കപ്പെടേണ്ട സംഭവങ്ങൾ പോലും കേരളത്തിൽ വലിയ വാർത്തയാകും. എന്നാൽ ഇതിനു പിറകെ പോകാൻ സർക്കാരിനെ കിട്ടില്ല. വ്യക്തതയോടെ എടുത്ത തീരുമാനങ്ങൾ ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
മാലിന്യ പ്രശ്‌നത്തിൽ സർക്കാർ ഇടപെടൽ വേണ്ടത്ര ഫലപ്രദമായില്ലെന്ന പരാതി അതേ അർഥത്തിൽ ഉൾക്കൊണ്ട മുഖ്യമന്ത്രി ഈ ഒറ്റലക്ഷ്യം വെച്ച് 27, 28, 29 തീയതികളിൽ കേരളം ഒറ്റക്കെട്ടായി മണ്ണിലേക്കിറങ്ങാൻ സമഗ്രപരിപാടി തയ്യാറാക്കിയതായും പറഞ്ഞു. അതേസമയം ചില സ്ഥലങ്ങളിലെങ്കിലും കേന്ദ്രീകൃത മാലിന്യ പ്ലാന്റിന്റെ ആവശ്യത ഉണ്ടെന്നും വ്യക്തമാക്കി. അവയവ ദാന രംഗത്ത് കേരളം പിറകോട്ടു പോയതായുള്ള ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ വിമർശം അദ്ദേഹം ശരിവെച്ചു. ഈ രംഗത്ത് ചില പ്രശ്‌നങ്ങൾ ഉണ്ടെന്നും അത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. കോഴ്‌സിന്റെയും പോസ്റ്റിന്റെയും അംഗീകാരത്തിന് വരുന്ന കാലതാമസം ഒഴിവാക്കും. കടകൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമുള്ള ലൈസൻസ് ഒരു വർഷമെന്നത് മൂന്നോ അഞ്ചോ ആക്കും. ജിഎസ്ടി നടപ്പാക്കി പ്രശ്‌നങ്ങൾ ഓരോന്നായി പരിശോധിച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎംഎ ഹാളിൽ നടന്ന സംവാദത്തിൽ  വിവിധ മേഖലകളിലെ 200 ലേറെ പ്രമുഖരും വിദഗ്ധരും പങ്കെടുത്തു. പ്രൊഫ. എം കെ സാനു, കെ എൽ മോഹനവർമ, റിട്ട. ജസ്റ്റിസ്മാരായ സിറിയക് ജോസഫ്, കെ നാരായണക്കുറുപ്പ്, പി കെ ഷംസുദ്ദീൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പി സി സിറിയക്, മനോരമ ന്യൂസിലെ ജോണി ലൂക്കോസ്, ഡെക്കാൺ ക്രോണിക്കിളിലെ കെജെ ജേക്കബ്, ഡോ. സെബാസ്റ്റിയൻ പോൾ, ഡോ. കെ ജി പൗലോസ്, ഐഎംഎ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ഹരീഷ് പിള്ള, ഡോ. ടോണി ഫെർണാണ്ടസ്, ഡോ. ഫിലിപ്പ് അഗസ്റ്റിൻ, മുതിർന്ന കായികതാരങ്ങളായ മേഴ്‌സി കുട്ടൻ, ജോർജ് തോമസ്, ചിത്രകാരന്മാരായ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി, ബോണി തോമസ്, ഫെഡറൽ ബാങ്ക് മുൻ പ്രസിഡന്റ് കെ പി പത്മകുമാർ, ബിപിസിഎൽ എംഡി പ്രസാദ് പണിക്കർ, സിഐസിസി ജയചന്ദ്രൻ, പി എ എം ഇബ്രാഹിം, അബ്ദുൾ വാഹിദ്, ബാബു മൂപ്പൻ, മാത്യൂ സ്റ്റീഫൻ (സിഎ), സീഫുഡ് എക്‌സ്‌പോർട്ട് അസോ. സെക്രട്ടറി എസ് രാമകൃഷ്ണൻ, പോളക്കുളം കൃഷ്ണദാസ്, ആർകിടെക്ട് ബി ആർ അജിത്, ഫാ. സ്റ്റീഫൻ കളപ്പുരയ്ക്കൽ, ഫാ. തോമസ് വൈക്കത്തുപറമ്പിൽ, പ്രശാന്ത് അച്ചൻ, ഫാ. ജോൺസൻ വാഴപ്പിള്ളി, വർഗീസ് കാച്ചപ്പിള്ളി, സിസ്റ്റർ നിർമല, പ്രൊഫ. മ്യൂസ് മേരി ജോർജ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. 

 

Latest News