തലശ്ശേരി- വടകര പാർലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സി.പി.എം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതികൾ കോടതിയിൽ കീഴടങ്ങി. കേസിലെ ഒന്നും രണ്ടും പ്രതികളായ ഈസ്റ്റ് കതിരൂർ വേറ്റുമ്മൽ കൊയിറ്റി ഹൗസിൽ സി. ശ്രീജിൻ (26), കൊളശേരി കാവുംഭാഗം ശ്രീലക്ഷമി ക്വാർട്ടേഴ്‌സിൽ റോഷൻ ബാബു (26) എന്നിവരാണ് അഡ്വ.എൻ.ആർ ഷാനവാസ് മുഖാന്തിരം തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത.് രണ്ട് പ്രതികളേയും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇതോടെ കൃത്യത്തിൽ പങ്കെടുത്ത മൂന്ന് പ്രതികളെയും കണ്ടെത്തി. ഇനി കേസിലെ ഗൂഢാലോചന സംബന്ധിച്ചാണ് അന്വേഷണം നടത്തേണ്ടത്. ഇന്നലെ കോടതിയിൽ കീഴടങ്ങിയ മുഖ്യ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ ഹരജി നൽകി. ഇതിനിടെ പ്രതികൾ കോടതിയിൽ കീഴടങ്ങിയ വിവരം പോലീസിനെ ഉടനെ അറിയിച്ചില്ലെന്ന പരാതിയുമുണ്ട.്
റോഷനെ ഒളിവിൽ കഴിയാൻ സഹായം ചെയ്ത കുറ്റത്തിന് തമിഴ്‌നാട് ധർമ്മപുരി ഹുസൂറിൽ ബേക്കറി ഉടമയായ കൊളശേരി വിശ്വാസ് നിവാസിൽ വിശ്വാസി(25) നെ സി.ഐ വി.കെ. വിശ്വംഭരൻ, എസ് ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് മുഖ്യ പ്രതികൾ ഇന്നലെ ഉച്ചയോടെ നാടകീയമായി കോടതിയിൽ കീഴടങ്ങിയത്.ഇതോടെ നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേരും അറസ്റ്റിലായി. കഴിഞ്ഞ ഒരാഴ്ചയായി കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. കോയമ്പത്തൂരിൽ നിന്നാണ് കീഴടങ്ങാനായി പ്രതികൾ തലശ്ശേരി കോടതിയിലെത്തിയതെന്ന സൂചനയുണ്ട.്
നേരത്തെ അറസ്റ്റിലായ എരഞ്ഞോളി പൊന്ന്യത്തെ അശ്വന്ത്((20), കൊളശേരി കളരിമുക്കിലെ കുന്നിലേരി മീത്തൽ സോജിത്ത്(24) എന്നിവരുടെ റിമാന്റ് കാലാവധി പൂർത്തിയായതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി. ഇരുവരുടെയും റിമാന്റ് നീട്ടി. മെയ് 18 ന് രാത്രിയാണ് നസീറിനെ നേരെ കായ്യത്ത് റോഡിൽ വെച്ച് വധശ്രമമുണ്ടായത്. തന്നെ അക്രമിക്കാൻ ഗൂഢാലോചന നടത്തിയത് എ.എൻ ഷംസീർ എം.എൽ.എയാണെന്നും സംഭവത്തിന് പിന്നിൽ രണ്ട് സി.പി.എം ലോക്കൽ കമ്മിറ്റി ഭാരവാഹികൾക്ക് പങ്കുണ്ടെന്നും നസീർ പോലീസിന് മൊഴി നൽകിയിരുന്നു.