തൃശൂർ- രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തൃപ്രയാർ തളിക്കുളം കൈതക്കൽ സ്വദേശി അറയ്ക്കവീട്ടിൽ ജമാലുദ്ദീൻ (48) ദുബായിയിലേക്ക് മടങ്ങിയത്. ജമാലുദ്ദീൻ വാഹനാപകടത്തിൽ മരിച്ചെന്ന വാർത്തയാണ് തളിക്കുളത്തെ വീട്ടിലെത്തിയത്. ദുരന്തവാർത്ത വിശ്വസിക്കാൻ ഇനിയും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമായിട്ടില്ല. ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 17 പേരിൽ ജമാലുദ്ദീനും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന ആദ്യം ലഭിച്ചപ്പോൾ മുതൽ പ്രിയപ്പെട്ടവരെല്ലാം ആ വാർത്ത സത്യമാകല്ലേ എന്ന പ്രാർത്ഥനയിലായിരുന്നു. എന്നാൽ അധികം വൈകാതെ മരണവിവരം സ്ഥിരീകരിച്ചതോടെ വീട്ടിൽ നിന്ന് കൂട്ടക്കരച്ചിലുയർന്നു.
ദുബായ് മീഡിയാ സിറ്റിയിലെ പരസ്യകമ്പനിയിൽ ജീവനക്കാരനായിരുന്ന ജമാലുദ്ദീൻ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. തളിക്കുളം മുൻ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ദുബായിൽ ജോലി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗത്വം ഇദ്ദേഹം രാജിവെക്കുകയായിരുന്നു.