കൊണ്ടോട്ടി- വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉജ്വല വിജയത്തിനുശേഷം ആദ്യമായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ സ്വീകരണത്തിനുശേഷം നിലമ്പൂരിലേക്കുള്ള യാത്ര മധ്യേ ചോക്കാടുള്ള ചായക്കടയില്‍ കയറിയ രാഹുലിന്റെ ഫോട്ടോകളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.
ഉച്ചക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ഗാന്ധി കരിപ്പൂരിലെത്തിയത്.എ.ഐ.സി.സി. ജന.സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റ ചുമതലയുള്ള മുകള്‍ വാസ്നിക്കും രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു.
ഒരു മണിയോടെ തന്നെ നേതാക്കളും പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, വി.എം.സുധീരന്‍, പി.കെ. കുഞ്ഞാലിക്കുട്ടി,ഇ.ടി. മുഹമ്മദ് ബഷീര്‍,പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,പി.വി. അബ്ദുള്‍ വഹാബ് എം.പി,ആര്യാടന്‍ മുഹമ്മദ്, വി.വി. പ്രകാശ്,ടി.സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ,പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ, ലതികാ സുഭാഷ്, യു.എ. ലത്തീഫ് തുടങ്ങി നിരവധി പേര്‍ കരിപ്പൂരിലെത്തിയിരുന്നു.
വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മനലിലൂടെ പുറത്തു വന്ന രാഹുല്‍ ഗാന്ധി കാത്തു നിന്ന പ്രവര്‍ത്തകര്‍ക്ക് സമീപമെത്തി അഭിവാദ്യം ചെയ്തു. അകത്തേക്ക് തിരിച്ചുപോയ അദ്ദേഹം വി.ഐ.പി. കവാടം വഴി വാഹനത്തില്‍ പുറത്തേക്ക് വന്നു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വിമാനത്താവള കവാടത്തിന് സമീപം പ്ലക്കാര്‍ഡുകളും കൊടികളുമായി കാത്തു നിന്നിരുന്നു. പ്രവര്‍ത്തകര്‍ ആവേശത്തോടെ വളഞ്ഞതോടെ സുരക്ഷാ ജീവനക്കാര്‍ ഏറെ പണിപെട്ടാണ് രാഹുല്‍ഗാന്ധിയുടെ വാഹനം പുറത്തെത്തിച്ചത്.