മക്ക - രാജ്യത്തെമ്പാടും പതിനായിരക്കണക്കിന് പൗരപ്രമുഖരും ഗോത്ര നേതാക്കളും വ്യവസായികളും മുതിർന്ന ഉദ്യോഗസ്ഥരും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്തു. മക്ക അൽസ്വഫ കൊട്ടാരത്തിൽ ബുധനാഴ്ച രാത്രി തറാവീഹ് നമസ്‌കാരത്തിനു ശേഷം സംഘടിപ്പിച്ച ചടങ്ങിൽ രാജകുമാരന്മാർ, ഗ്രാന്റ് മുഫ്തി, ശൂറാ കൗൺസിൽ സ്പീക്കർ, ഹറം ഇമാമുമാർ, പണ്ഡിതർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി നൂറുകണക്കിനു പേർ ബൈഅത്ത് ചെയ്തു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അനുമോദിച്ചും പുതിയ പദവിയിൽ അനിവാര്യമായും പിന്തുടരേണ്ട കാര്യങ്ങളെ കുറിച്ച് ഉണർത്തിയും ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് ചടങ്ങിൽ സംസാരിച്ചു.