Sorry, you need to enable JavaScript to visit this website.

ബാലഭാസ്‌കറിന്റെ മരണം; നിർണായക വിവരം പുറത്ത്, ഡ്രൈവർ കേരളം വിട്ടു

തൃശൂർ - വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന ഡ്രൈവർ അർജുന്റെ മൊഴി തെറ്റാണെന്നാണ് വിവരം. അമിത വേഗതയിൽ പോകുകയായിരുന്ന വാഹനം ടോൾ പ്ലാസയുടെ നിരീക്ഷണ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ അർജുനാണ് വാഹനം ഓടിക്കുന്നത്. എന്നാൽ അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്നാണ് അർജുൻ ആവർത്തിക്കുന്നത്. അതേസമയം, അർജുനിനെ ചോദ്യം ചെയ്യാനായി പോലീസ് സമീപിച്ചെങ്കിലും അർജുൻ കേരളം വിട്ടുവെന്നാണ് സൂചന. അർജുൻ അസമിലേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്. അപകടത്തിൽ മാരകമായി പരിക്കേറ്റ അർജുൻ അസമിലേക്ക് പോയത് എങ്ങിനെയാണ് തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിക്കും. ഇന്നലെ ക്രൈം ബ്രാഞ്ച് സംഘം വടക്കുന്നാഥ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി. വടക്കുന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരിൽ നിന്ന് ബാലഭാസ്‌കർ ക്ഷേത്രത്തിൽ ചിലവഴിച്ച സമയം, നടത്തിയ വഴിപാടുകൾ എന്നിവ സംബന്ധിച്ചും കൂടെ ആരൊക്കെയുണ്ടായിരുന്നു എന്നതു സംബന്ധിച്ചുമുള്ള വിശദാംശങ്ങളുമാണ് ക്രൈം ബ്രാഞ്ച് ശേഖരിച്ചത്. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴായിരുന്നു ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. ബാലഭാസ്‌കർ തൃശൂരിൽ താമസിച്ച ഹോട്ടലിലും സംഘം അന്വേഷണം നടത്തിയിരുന്നു.
 

Latest News