റിയാദ് - നാലു രാജ്യങ്ങളിൽനിന്നു മാത്രമുള്ള തൊഴിലാളികളെ തേടി സ്വകാര്യ കമ്പനി പരസ്യം ചെയ്ത സംഭവത്തിൽ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
കമ്പനിയിലെ വിദേശ ജീവനക്കാരനാണ് 11,000 റിയാൽ വരെ വേതനം വാഗ്ദാനം ചെയ്യുന്ന തൊഴിൽ തസ്തികകളിലേക്ക് നാലു രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളെ തേടി പരസ്യം ചെയ്തത്. സൗദി ജീവനക്കാരെ കമ്പനി തേടിയിരുന്നില്ല. നിയമ വിരുദ്ധ തൊഴിൽ പരസ്യം ചെയ്ത സ്ഥാപനത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സ്ഥാപനത്തിനും പരസ്യത്തിനു പിന്നിൽ പ്രവർത്തിച്ച വിദേശിക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു. സ്ഥാപനത്തിനും വിദേശിക്കും എതിരെ ഏതു തരത്തിലുള്ള ശിക്ഷാ നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് അന്വേഷണം പൂർത്തിയായ ശേഷം നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് മാനേജറായി ജോലി ചെയ്യുന്ന വിദേശിയാണ് സാമൂഹിക മാധ്യമ അക്കൗണ്ട് വഴി തൊഴിൽ പരസ്യം പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾ ലെബനോൻ, സിറിയ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യക്കാർ മാത്രമായിരിക്കണമെന്നും മറ്റു രാജ്യക്കാർ സി.വി അയക്കരുതെന്നും പരസ്യം പറഞ്ഞിരുന്നു.