Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശ എൻജിനീയർമാരുടെ എണ്ണം കുറയുന്നു

അയ്യായിരം സൗദി എൻജിനീയർമാർ തൊഴിൽരഹിതർ

റിയാദ് - ഒരു വർഷത്തിനിടെ വിദേശി എൻജിനീയർമാരുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ്. 2018 ജൂണിൽ കൗൺസിലിൽ അംഗത്വമുള്ള 1,94,000 വിദേശി എൻജിനീയർമാർ രാജ്യത്തുണ്ടായിരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം ഇവരുടെ എണ്ണം 1,49,000 ആയി കുറഞ്ഞുവെന്ന് കൗൺസിൽ ഡയറക്ടർ ബോർഡ് ചെയർമാൻ സഅദ് അൽശഹ്‌റാനി വെളിപ്പെടുത്തി.
കൗൺസിൽ അംഗത്വമുള്ള സൗദി എൻജിനീയർമാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 35 ശതമാനത്തോളം വർധനവുണ്ട്. 2018 ജൂണിൽ 27,800 സൗദി എൻജിനീയർമാർക്കാണ് കൗൺസിൽ അംഗത്വമുണ്ടായിരുന്നത്. ഇപ്പോഴിത് 37,200 ആയി ഉയർന്നു. സൗദി എൻജിനീയർമാർക്ക് രാജ്യത്ത് ഇപ്പോഴും വലിയ ആവശ്യമുണ്ട്. 
രാജ്യത്ത് അയ്യായിരം സൗദി എൻജിനീയർമാർ തൊഴിൽ രഹിതരായി കഴിയുന്നുണ്ട്. വിദേശി എൻജിനീയർമാർക്കു പകരം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് സഹകരിച്ചുവരികയാണ്. വ്യാജ എൻജിനീയർമാരെ കണ്ടെത്തുന്നതിന് പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. മൂവായിരത്തോളം വ്യാജ എൻജിനീയറിംഗ് സർട്ടിഫിക്കറ്റുകൾ രണ്ടു വർഷത്തിനിടെ കൗൺസിൽ കണ്ടെത്തി. മതിയായ പരിചയസമ്പത്തില്ലാത്ത വിദേശി എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് വിലക്കിയിട്ടുമുണ്ട്. 
വൻകിട പദ്ധതികളിൽ നിശ്ചിത ശതമാനം സൗദി എൻജിനീയർമാരെ നിയമിക്കണമെന്ന വ്യവസ്ഥ ബാധകമാക്കുന്നതിനും മന്ത്രാലയവുമായി കൗൺസിൽ സഹകരിച്ചുവരികയാണ്. ഇത്തരം പദ്ധതികളിൽ നിയമിക്കുന്ന എൻജീയർമാരിൽ പത്തു ശതമാനം പുതുതായി പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശികളായിരിക്കണമെന്ന വ്യവസ്ഥയും നടപ്പാക്കും. പ്രാദേശിക വിപണിയിൽ സൗദി, വിദേശ എൻജിനീയർമാരുടെ എണ്ണത്തിലുള്ള വിടവ് നികത്തുന്നതിന് ഇതിലൂടെ സാധിക്കും. രാജ്യത്ത് ലഭ്യമായ അവസരങ്ങളുമായി താരതമ്യം ചെയ്താൽ തൊഴിൽ രഹിതരായ സൗദി എൻജിനീയർമാരുടെ എണ്ണം തീരെ കുറവാണെന്നും സഅദ് അൽശഹ്‌റാനി പറഞ്ഞു. 
അഞ്ചു വർഷത്തിൽ കുറവ് പരിചയസമ്പത്തുള്ള വിദേശി എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് നിർത്തിവെക്കുന്നതിന് തൊഴിൽ മന്ത്രാലയവും കൗൺസിൽ ഓഫ് എൻജിനീയേഴ്‌സും നേരത്തെ കരാർ ഒപ്പുവെച്ചിരുന്നു. രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് സൗദി വഴി പ്രൊഫഷനൽ ടെസ്റ്റും അഭിമുഖവും നിർബന്ധമാക്കിയിട്ടുമുണ്ട്. നേരത്തെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശി എൻജിനീയർമാർക്ക് മൂന്നു വർഷത്തെ പരിചയസമ്പത്താണ് നിർബന്ധമാക്കിയിരുന്നത്. ഇത് പിന്നീട് അഞ്ചു വർഷമായി ഉയർത്തുകയായിരുന്നു. 
വ്യവസ്ഥകളിൽ ആർക്കും ഇളവ് നൽകില്ലെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന എൻജിനീയർമാർക്ക് എൻജിനീയറിംഗ് മേഖലയിൽ തെന്നയായിരിക്കണം പരിചയസമ്പത്തുണ്ടാകേണ്ടത്. 
കൂടാതെ പരിചയസമ്പത്ത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഇവർ ഹാജരാക്കണം. അഞ്ചു വർഷത്തെ പരിചയസമ്പത്തടക്കം വിദേശി എൻജിനീയർമാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ചില കമ്പനികൾ തട്ടിപ്പ് നടത്തുന്നതായി കൗൺസിലിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വ്യവസ്ഥകൾ മറികടക്കുന്നതിന് വിദേശി എൻജിനീയർമാരെ മറ്റു പ്രൊഫഷനുകളിലുള്ള വിസകളിൽ റിക്രൂട്ട് ചെയ്ത് കൊണ്ടുവന്നശേഷം എൻജിനീയറിംഗ് ജോലികളിൽ പിന്നീട് നിയമിക്കുകയാണ് ചെയ്യുന്നത്. 
അഞ്ചു വർഷത്തിൽ കുറവ് തൊഴിൽ പരിചയമുള്ള വിദേശി എൻജിനീയർമാരുടെ റിക്രൂട്ട്‌മെന്റ് കഴിഞ്ഞ വർഷാദ്യം മുതൽ സൗദി അറേബ്യ പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. കൂടുതൽ സൗദി എൻജിനീയർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. 
സൗദിയിൽ തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം സമീപ കാലത്ത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 'ഇജ്തിയാസ്' എന്നാണ് പുതിയ സേവനത്തിന് പേരിട്ടിരിക്കുന്നത്. സൗദിയിൽ തൊഴിൽ തേടുന്ന വിദേശ എൻജിനീയർമാർ തൊഴിൽ കരാറുകൾ ഒപ്പുവെക്കുന്നതിനും വിസ അനുവദിക്കുന്നതിനും സൗദിയിലേക്ക് വരുന്നതിനു മുമ്പായി ഓൺലൈൻ സേവനം വഴി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. 
മതിയായ യോഗ്യതയും കഴിവും പരിചയസമ്പത്തുമില്ലാത്തവർക്ക് വിസ അനുവദിക്കുന്നത് ഒഴിവാക്കുന്നതിന് തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജവാസാത്ത്, വിദേശ മന്ത്രാലയം, വിദേശങ്ങളിലെ സൗദി എംബസികൾ, കോസുലേറ്റുകൾ എന്നിവയുമായി സഹകരിച്ചാണ് കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് പുതിയ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്.
 

Latest News