മഞ്ചേരി- മഞ്ചേരി മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരനെ കയ്യേറ്റം ചെയ്തയാളെ അറസ്റ്റ് ചെയ്തു. മഞ്ചേരി കരുവമ്പ്രം അത്താണി കുന്നത്ത് ജഹഫര്‍ എന്ന മാനുപ്പ (45)യെയാണ് സി.ഐ എന്‍.ബി ഷൈജു, എസ്.ഐ ഇ.ആര്‍ ബൈജു, എ.എസ്.ഐ സുരേഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിനേഷ്, റജീഷ്, ജിനീഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി കാഷ്വാലിറ്റിയിലെത്തിയ യുവാവ് കൗണ്ടറിലെ ജീവനക്കാരിയോടു മോശമായി പെരുമാറി. ഇതുചോദ്യം ചെയ്ത എയ്ഡ് പോസ്റ്റ് ഡ്യൂട്ടി പോലീസുകാരനെ കയ്യേറ്റം ചെയ്യുകയും യൂണിഫോം വലിച്ചു കീറുകയും അസഭ്യം പറയുകയുമായിരുന്നു.
സംഭവത്തില്‍ എടവണ്ണ ചാത്തല്ലൂര്‍ മുതുക്കോടന്‍ രാമന്റെ മകന്‍ വിജേഷ് കുമാറിന്റെ പരാതിയിലാണ് കേസ്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയതു.