Sorry, you need to enable JavaScript to visit this website.

പെൺകുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ കുരുമുളക് പൊടിയോ  പേനാക്കത്തിയോ കരുതണം- ഋഷിരാജ് സിംഗ്

തലശ്ശേരി- പെൺകുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ കുരുമുളക് പൊടിയോ മുളക് പൊടിയോ പേനാക്കത്തിയോ ബാഗിൽ കരുതണമെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്. തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെൺകുട്ടികൾ ബാഗിൽ ചില സാധനങ്ങളുമായി മാത്രമേ പുറത്തിറങ്ങാൻ പാടുള്ളുവെന്നത് ദൽഹിയിൽ നിയമമാണ്. എൻ.സി.സിയിലോ സ്റ്റുഡന്റ്സ് പോലീസിലോ അംഗമല്ലാത്തവർ കരാട്ടെയോ കളരിപ്പയറ്റോ പരിശീലിക്കണം. ചെറിയ ശല്യമുണ്ടായാൽ അവിടെ തന്നെ തീർക്കണം. വിദ്യാർഥികൾ കമന്റടിക്കുകയോ ശല്യം ചെയ്യുകയോ നടന്നതായി പരാതിയുണ്ടായാൽ പ്രിൻസിപ്പലിന് അവരെ താക്കീത് നൽകുകയോ പിഴയടപ്പിക്കുകയോ ചെയ്യാം. എന്നിട്ടും പരാതിക്ക് പരിഹാരമായില്ലെങ്കിൽ പോലീസ് സ്റ്റേഷനെ സമീപിക്കാം. എല്ലാ സ്‌കൂളുകളിലും വിദ്യാർഥിനികളുടെ പരാതി പരിശോധിക്കാൻ മൂന്നംഗ സമിതിയുണ്ടാകണം. മാനസികമോ ശാരീരികമോ ആയ ശല്യമുണ്ടായാൽ പരാതി നൽകാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. പരാതി നൽകാൻ രക്ഷിതാക്കൾക്ക് ചിലപ്പോൾ താൽപര്യം കാണില്ല. ആരെയും ഭയക്കേണ്ടതില്ല. അപമാനിതരായി ജീവിച്ചിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 
രണ്ട് ഉപദേശങ്ങൾ ഋഷിരാജ് സിംഗ് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നൽകി. 'പഠനകാര്യത്തിൽ സമ്മർദം വേണ്ട. മക്കൾക്ക് താൽപര്യമുള്ള വിഷയത്തിൽ വേണം രക്ഷിതാക്കൾ പ്രോത്സാഹനം നൽകാൻ'. കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള മറുപടി അവസാനിക്കുമ്പോഴായിരുന്നു ഉപദേശം. 
വിദ്യാർഥിയുടെ കഴിവിനുപരിയായി രക്ഷിതാക്കളും അധ്യാപകരും പ്രതീക്ഷ പുലർത്തുന്നതാണ് കുട്ടികളിൽ സമ്മർദം ചെലുത്തുന്നതിന് ഇടയാക്കുന്നത്. കുട്ടികളുടെ കഴിവ് മനസ്സിലാക്കി വേണം അവരെ പ്രോത്സാഹിപ്പിക്കാൻ. മുമ്പ് കുട്ടികളോട് പരീക്ഷ ജയിച്ചോ എന്നായിരുന്നു അന്വേഷിച്ചിരുന്നത്. ഇന്ന് എത്ര മാർക്ക് കിട്ടിയെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ സർവീസ് മേഖല പെൺകുട്ടികൾക്ക് സുരക്ഷിതമല്ലെന്ന് രക്ഷിതാവ് പറഞ്ഞത് ശരിയാണോയെന്ന ചോദ്യവുമായി ഒരു വിദ്യാർഥിനി എഴുന്നേറ്റു. ആവശ്യമില്ലാത്ത ഉപദേശങ്ങൾ രക്ഷിതാക്കൾ മക്കൾക്ക് നൽകരുതെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ മറുപടി. പിന്നെ, ഏത് മേഖലയാണ് സുരക്ഷിതമായുള്ളത്. ഇത്തരം ഉപദേശങ്ങളാണ് കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. ആകാംക്ഷയ്ക്കോ തമാശയ്ക്കോ ആണ് കുട്ടികൾ പലപ്പോഴും ലഹരിവസ്തുക്കൾ ആദ്യം ഉപയോഗിക്കുന്നത്. പുറത്തുനിന്നാണ് ലഹരിവസ്തുക്കൾ കേരളത്തിലെത്തുന്നത്. 40 ലക്ഷം വിദ്യാർഥികൾ ഇവിടെയുണ്ട്. അവർ വേണ്ടെന്ന് വെച്ചാൽ ഇതിന്റെ ഉപയോഗം കുറയും. എല്ലാവർക്കും എ ഗ്രേഡ് കിട്ടണമെന്നില്ല. അതിന്റെ പേരിൽ വിദ്യാർഥികളിൽ സമ്മർദം ചെലുത്തുമ്പോൾ അവർ ഇത്തരം മാർഗങ്ങളിലേക്ക് തിരിയാം. ലഹരിക്കെതിരെ ഒറ്റക്കെട്ടായി നീങ്ങുന്ന ഒരേയൊരു ജില്ല കണ്ണൂരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിശ്ചിത ഗ്രാം ലഹരിവസ്തുക്കൾ പിടികൂടണമെന്ന് എക്സൈസ് വകുപ്പിന്റെ നിർദേശത്തെ കുറിച്ചും ചോദ്യമുണ്ടായി. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ ഏത് ഉപദേശവും നൽകാമെന്നുമായിരുന്നു ഋഷിരാജ് സിംഗിന്റെ മറുപടി.

Latest News