മലപ്പുറം- ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ഗുരുതരമായി പൊള്ളലേറ്റ ബംഗാള്‍ സ്വദേശിയായ മുഹസിമ ഹാത്തുണിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജൗഹീറുല്‍ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി തര്‍ക്കം തുടങ്ങി. വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹിറുല്‍ ചോദിച്ചെങ്കിലും നല്‍കിയില്ല. പ്രകോപിതനായ ജൗഹിറുല്‍ സ്റ്റൗവില്‍ ഒഴിക്കാന്‍ സൂക്ഷിച്ച ഡീസല്‍ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മുഹസിമക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടി മുഹസിമയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.