തലശ്ശേരി- ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകൻ കൊളശ്ശേരിയിലെ വിശ്വാസ് നിവാസിൽ വി.കെ. വിശ്വാസാണ് (25) അറസ്റ്റിലായത്. വധശ്രമത്തിൽ നേരിട്ട് പങ്കെടുത്ത റോഷൻ എന്ന യുവാവിന് തമിഴ്‌നാട്ടിലെ ഹൂസൂർ എന്ന സ്ഥലത്ത് ഒളിച്ചു താമസിക്കാൻ സൗകര്യം നൽകിയത് വിശ്വാസായിരുന്നു. ഹൂസൂരിൽ വെച്ചാണ് വിശ്വാസിനെ കസ്റ്റഡിയിലെടുത്തത്.
ഇക്കഴിഞ്ഞ മെയ് 18ന് രാത്രിയിലാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡൻസിക്ക് സമീപം നസീർ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊന്ന്യം വെസ്റ്റ് ചേരി പുതിയ വീട്ടിൽ കെ.അശ്വന്ത് (20), കൊളശ്ശേരി കളരി മുക്കിലെ കുന്നി നേരിമിത്തൽ വി.കെ.സോജിത്ത് (25) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തലശ്ശേരിയിലെത്തിച്ച വിശ്വാസിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി സി.ഒ.ടി നസീർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് കുറ്റകൃത്യത്തിലേർപ്പെട്ടയാൾക്ക് സഹായം ചെയ്തയാളെ പിടികൂടിയത്. തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയത് തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറാണെന്ന് നസീർ പോലീസിന് ആവർത്തിച്ച് മൊഴി നൽകിയിരുന്നു. എന്നാൽ ഗൂഢാലോചന കേസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ മാത്രമേ ഇതുവരെ പിടികൂടാനായിട്ടുള്ളു. കോൺഗ്രസും ബി.ജെ.പിയും നസീറിന് എല്ലാവിധ നിയമ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
അതിനിടെ നസീർ വധശ്രമ കേസ് അന്വേഷണം നടത്തുന്ന തലശ്ശേരി സി.ഐ വി.കെ വിശ്വംഭരനെ സ്ഥലംമാറ്റി. തലശ്ശേരിയിൽ നേരത്തെ എസ്.ഐയായി ജോലി നോക്കിയിരുന്ന ന്യൂമാഹി സ്വദേശി സനൽകുമാറിനെയാണ് തലശ്ശേരി സി.ഐയായി ചുമതല നൽകിയത.് സി.ഐ രണ്ടു ദിവസത്തിനകം ചാർജെടുക്കും. സനൽകുമാറായിരിക്കും നസീർ വധശ്രമ കേസിൽ അന്വേഷണം തുടരുക. ഇത് കേസ് അട്ടിമറിക്കാൻ വേണ്ടിയെന്ന പ്രചാരണം ശക്തമാവുകയാണ്. ഗൂഢാലോചനയുൾപ്പെടെ അന്വേഷണം നടത്താൻ പോലീസിന് സാധിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്ന് സി.ബി.ഐയെ പോലുള്ള പുറത്ത് നിന്നുള്ള അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് നസീർ കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സീനിയർ അഭിഭാഷകൻമാരെയാണ് കേസ് നടത്തിപ്പിന് നസീർ ചുമതലപ്പെടുത്തുന്നത്.