Sorry, you need to enable JavaScript to visit this website.

ഖത്തറിനു വേണമെങ്കിൽ ബന്ധം  ശാശ്വതമായി ഉപേക്ഷിക്കാം -യു.എ.ഇ

ഖത്തർ ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ കുറ്റസമ്മതമൊഴി പുറത്തുവിട്ടു

അബുദാബി - ഗൾഫ് സഹകരണ കൗൺസിലിൽനിന്ന് വേർപെട്ടുപോകാനാണ് ഖത്തർ ആഗ്രഹിക്കുന്നതെങ്കിൽ ഖത്തറുമായുള്ള ബന്ധം എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ മറ്റു രാജ്യങ്ങൾ ഒരുക്കമാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് പറഞ്ഞു. ഭീകരതക്കുള്ള ഫണ്ടിംഗ്, സിറിയയിലും ലിബിയയിലും ഭീകര സംഘടനകൾക്കുള്ള പിന്തുണ, ഭീകര പട്ടികയിൽ പെടുത്തിയവർക്ക് അഭയം നൽകുക എന്നിവയാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ അയൽ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഖത്തറുമായി ബന്ധമുള്ള 59 ഭീകരരുടെ പട്ടിക ഞങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ചിലരെ ചില ഗൾഫ് രാജ്യങ്ങളും 14 പേരെ അമേരിക്കയും ഒമ്പതു പേരെ ബ്രിട്ടനും അഞ്ചു പേരെ യൂറോപ്യൻ യൂനിയനും ഭീകര പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും ദോഹയിലുണ്ട്. ഭീകരർക്കും തീവ്രവാദികൾക്കുള്ള സുരക്ഷിത താവളമായി ഖത്തർ മാറിയിരിക്കുകയാണ്. ഹമാസിനും മുസ്‌ലിം ബ്രദർഹുഡിനും പിന്തുണ നൽകി രാഷ്ട്രീയത്തിലേക്ക് ഗൾഫ് സഹകരണ കൗൺസിലിനെ ഖത്തർ വലിച്ചിഴക്കുകയാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനുമുള്ള പിന്തുണ ഖത്തർ അവസാനിപ്പിക്കണമെന്നതാണ് തങ്ങളുടെ ആവശ്യത്തിന്റെ കാതൽ. ബഹ്‌റൈൻ പോലുള്ള ചില അറബ് രാജ്യങ്ങളുടെ സുരക്ഷാ ഭദ്രത തകർക്കുന്നതിന് ഖത്തർ തുടർച്ചയായി ശ്രമിക്കുകയാണ്. ഈജിപ്തിൽ അസ്ഥിരതയുണ്ടാക്കുന്നതിന് ഖത്തർ മാധ്യമ, രാഷ്ട്രീയ തലങ്ങളിൽ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. 
2014 ൽ റിയാദിൽ വെച്ച് ശൈഖ് തമീം ബിൻ ഹമദ് ഒപ്പുവെച്ച അനുരഞ്ജന കരാർ ഖത്തർ പാലിക്കുമെന്നാണ് കരുതിയിരുന്നത്. അബ്ദുല്ല രാജാവിനെ വധിക്കുന്നതിനുള്ള ഖദ്ദാഫിയുടെ പദ്ധതികളെ കുറിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയപ്പോൾ, പിതാവ് കളിക്കുന്ന രാഷ്ട്രീയ കളികളിൽ തനിക്ക് ഉത്തരവാദിത്തമില്ല എന്ന് അന്ന് ഖത്തർ അമീർ പറഞ്ഞൊഴിഞ്ഞു. തീവ്രവാദികൾക്ക് പണവും  രാഷ്ട്രീയ, മാധ്യമ പിന്തുണയും നൽകുന്നത് ഖത്തർ തുടരുമെന്ന് അനുഭവം പഠിപ്പിച്ചു. 180 കോടി ഡോളർ കൈമാറി എന്തിനാണ് ഇറാഖിലെയും സിറിയയിലെയും ബന്ദികളുടെ മോചനം ഖത്തർ സാധ്യമാക്കിയത്. ശിയാ, സുന്നി ഭീകരവാദ ഗ്രൂപ്പുകൾക്കിടയിലാണ് ഈ തുക വിതരണം ചെയ്തത്. ഇതിനെതിരെ മൗനം പാലിക്കാൻ കഴിയില്ല. 
ലിബിയയിൽ അൽഖാഇദ ഗ്രൂപ്പുകൾക്ക് ഖത്തർ പിന്തുണ നൽകുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഇപ്പോൾ ആഗോള തലത്തിൽ തന്നെ മാറ്റങ്ങളുണ്ട്. ഭീകര വിരുദ്ധ പോരാട്ടത്തിന് അമേരിക്ക മുൻഗണന നൽകുന്നു. തീവ്രവാദത്തോട് യൂറോപ്പിന് കടുത്ത നിലപാടാണ്. നിലവിലെ സാഹചര്യത്തിൽ തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ മൃദുസമീപനം കൈക്കൊള്ളുന്നത് അംഗീകരിക്കാനാവില്ല. വർഷങ്ങൾക്കുള്ള മുമ്പുള്ള അൽജസീറ ചാനലല്ല ഇപ്പോഴത്തേത്. മുസ്‌ലിം ബ്രദർഹുഡിന്റെ ജിഹ്വയായും തീവ്രവാദികളുടെ നാക്കുമായി അൽജസീറ മാറിയിട്ടുണ്ട്. ചില വ്യക്തികൾക്ക് അൽജസീറ താരത്തിളക്കം നൽകി. ഇവർ ഭീകരരുടെ നേതാക്കളായി മാറി. സ്വാഭാവിക ചുറ്റുപാടിൽ തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഭീകരർക്കും തീവ്രവാദികൾക്കുമുള്ള പിന്തുണ ഖത്തർ അവസാനിപ്പിക്കണം. സ്വന്തം രാഷ്ട്രീയ നിലപാടുകളുമായി ഗൾഫ് സഹകരണ കൗൺസിലിൽ നിന്ന് പുറത്തു പോകുന്നതിനാണ് ആഗ്രഹിക്കുന്നതെങ്കിൽ മറ്റു രാജ്യങ്ങൾ അതിനും ഒരുക്കമാണ്. ഗൾഫിൽ ഖത്തർ തീർത്തും ഒറ്റപ്പെടും. എയർപോർട്ടും തുറമുഖങ്ങളും തുറന്നു കിടന്നാലും ചുറ്റുമുള്ള പ്രദേശങ്ങൾ മുഴുവൻ അടക്കപ്പെടും. ഇപ്പോൾ ഖത്തറിനെതിരെ സ്വീകരിച്ച നടപടികൾ കടുപ്പമേറിയതാണ് എന്ന കാര്യം ശരിയാണ്. അയൽ രാജ്യങ്ങൾക്ക് എത്ര വലിയ ഹാനിയാണുണ്ടാക്കുന്നതെന്ന് ബോധ്യമുണ്ടോയെന്ന ഉണർത്തൽ സന്ദേശമാണ് ഇതിലൂടെ ഖത്തറിന് നൽകുന്നതെന്നും അൻവർ ഗർഗാശ് പറഞ്ഞു. 
അതിനിടെ, മുൻ ഖത്തർ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ഹമദ് അലി മുഹമ്മദ് അലി അൽഹമാദി നടത്തിയ കുറ്റസമ്മതം അബുദാബി, എമിറേറ്റ്‌സ് ചാനലുകൾ ഇന്നലെ സംപ്രേഷണം ചെയ്തു. യു.എ.ഇക്കെതിരായ ഖത്തറിന്റെ ഗൂഢാലോചനകൾ വെളിച്ചത്തു കൊണ്ടുവരുന്ന കുറ്റസമ്മതമാണിത്. ഖത്തർ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ യു.എ.ഇയിൽ വെച്ച് നേരത്തെ യു.എ.ഇ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്യുകയായിരുന്നു. ബഹ്‌റൈനിൽ ദേശവിരുദ്ധ കലാപങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകി ഖത്തർ അമീറിന്റെ ഉപദേഷ്ടാവ് ബഹ്‌റൈൻ പ്രതിപക്ഷ നേതാവുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ഓഡിയോ ടേപ്പ് ദിവസങ്ങൾക്കു മുമ്പ് ബഹ്‌റൈൻ ടി.വിയും പുറത്തുവിട്ടിരുന്നു.  
 

Latest News