ദമാം- പൊതുമാപ്പ് കാമ്പയിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യയിലെ തർഹീൽ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമായി നടന്നു കൊണ്ടിരിക്കെ ഔട്ട് പാസുകളുമായി നിയമലംഘകർ രാജ്യം വിടാതെ ഇപ്പോഴും പുറത്ത് കറങ്ങി നടക്കുന്നതായി റിപ്പോർട്ട്.
പൊതുമാപ്പ് അവസാനിക്കാൻ അഞ്ച് ദിവസം മാത്രമാണ് ശേഷിക്കുന്നത്. നിയമ ലംഘകർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം അടിക്കടി ഓർമിപ്പിക്കുന്നുണ്ട്. പൊതുമാപ്പ് കാലാവധി തീരുന്നതോടെ നിയമലംഘകരെ പിടികൂടുന്നതിന് ശക്തമായ പരിശോധന ആരംഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിസിനസ് മേധാവികളുമായി ചർച്ച നടത്തി നിയമലംഘകർ ഇല്ലെന്നു ഉറപ്പു വരുത്താൻ നിർദേശം നൽകി.
എക്‌സിറ്റ് നേടാൻ എത്തുന്നവർക്ക് കുടിവെള്ളം, ആംബുലൻസ് സൗകര്യം തുടങ്ങി എല്ലാവിധ സഹായവും ലഭ്യമാക്കുന്നതിന് അധികാരികൾ ശ്രദ്ധിക്കുന്നുണ്ട്. സന്നദ്ധ സംഘടനകളും ചില സ്വദേശികളും ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. എക്‌സിറ്റ് നേടാൻ എത്തുന്നവരിൽ അധികവും പാക്കിസ്ഥാനികളാണ്.
നാടു കടത്തൽ കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ പ്രത്യേകം ടെന്റുകൾ ഒരുക്കിയും എക്‌സിറ്റ് നേടാൻ എത്തുന്നവർക്ക് കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. പൊതുമാപ്പ് കാമ്പയിൻ വിജയിപ്പിക്കാൻ ഉദ്യോഗസ്ഥർ അക്ഷീണ പ്രയത്‌നമാണ് നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ദിനേന എത്തുന്നവരിൽ ഇന്ത്യക്കാരുടെ എണ്ണം നന്നേ കുറവാണ്. മലയാളികൾ വിരലിലെണ്ണാവുന്നവർ മാത്രമാണെന്ന് വളണ്ടിയർമാർ അറിയിച്ചു. പതിവുപോലെ പൊതുമാപ്പിന്റെ അവസാന സമയത്തേക്ക് കാത്തിരിക്കുകയായിരിക്കും എന്നാണ് കരുതുന്നത്. കഴിഞ്ഞ നിതാഖാത്തിന്റെ അവസരത്തിൽ എടുത്ത ഔട്ട് പാസുമായും ആളുകൾ എത്തുന്നുണ്ട്.
ഇഖാമ പ്രശ്‌നത്തിൽ കുടുങ്ങി 20 വർഷം നാട്ടിൽ പോകാൻ സാധിക്കാതിരുന്ന കാലടി സ്വദേശി കഴിഞ്ഞ ദിവസമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് തിരിച്ചത്.
പൊതുമാപ്പിനെ കുറിച്ചും നിയമ സഹായത്തിനും വേണ്ടി നൂറുകണക്കിന് ആളുകൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ ഇവരെല്ലാം ഇപ്പോഴും അലസന്മാരായി തുടരുകയാണെന്നും സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറയുന്നു. ദൂര ദേശങ്ങളിൽ നിയമ ലംഘകരായി കഴിയുന്ന പ്രവാസികൾ അന്വേഷിക്കുകയല്ലാതെ നാട്ടിലേക്ക് തിരിച്ചു പോകാൻ ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത.
പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ നിയമ ലംഘകർക്ക് ജോലി നൽകുന്നവർക്കും താമസം ഒരുക്കുന്നവർക്കും നിയമ നടപടി നേരിടേണ്ടി വരുമെന്നും ഇത്തരം നിയമ ലംഘകർക്ക് കൂട്ട് നിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് മരവിപ്പിക്കുകയും ഭീമമായ തുക പിഴ ഒടുക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുമാപ്പ് കാലാവധി ഇനിയും നീട്ടിയേക്കുമെന്ന കിംവദന്തിയും ചിലരെ നാട്ടിൽ പോകുന്നത് വൈകിപ്പിക്കാൻ കാരണമാകുന്നുണ്ട്. എന്നാൽ കാമ്പയിൻ കാലാവധി കഴിഞ്ഞാൽ യാതൊരു ആനുകൂല്യവും നിയമ ലംഘകർക്ക് ലഭിക്കില്ല എന്നാണ് സൗദി അധികൃതരുടെ വിശദീകരണം.