തിരുവനന്തപുരം- ശബരിമല വിഷയത്തില്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സി.പി.ഐ വിലയിരുത്തി. മോഡി വിരുദ്ധത ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് ഇടയാക്കിയതും പരാജയത്തിനു കാരണമായതായി സംസ്ഥാന എക്‌സിക്യുട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശബരിമല കാരണമായെന്ന് തുറന്നു സമ്മതിക്കാന്‍ സി.പി.എം തയാറായിരുന്നില്ല.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സവര്‍ണ ഹിന്ദുവിഭാഗങ്ങളുടെ എതിര്‍പ്പിന് കാരണമായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമായി മാറി. തെരഞ്ഞെടുപ്പ് കാലത്ത് ശബരിമലയുടെ സ്വാധീനത്തെ വിലകുറച്ച് കണ്ടു. വിഷയം പാടേ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ പ്രചാരണം. യഥാസമയത്ത് പ്രതിരോധം തീര്‍ക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
വീണ്ടും മോഡി സര്‍ക്കാര്‍ വരുമോയെന്ന ന്യൂനപക്ഷങ്ങളുടെ ഭീതിയാണ് പരാജയത്തിനുള്ള മറ്റൊരു കാരണം.