തൃശൂര്‍- വടക്കാഞ്ചേരിയിലെ ഓട്ടുപാറ പള്ളിയില്‍ ഒരേ സമയം രണ്ട് നോമ്പ് തുറ കണ്ടതിനെ തുടര്‍ന്ന് പങ്കുവെച്ച പ്രതികരണത്തിന് ഫലമുണ്ടായതില്‍ സര്‍വേശ്വരനോട് നന്ദി പറഞ്ഞ് നടന്‍ നിയാസ് ബക്കര്‍.
താന്‍ ഉദ്ദേശിക്കാതെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വിഡിയോ സന്ദേശം വൈറലായതിനെ തുടര്‍ന്ന് ചര്‍ച്ച നടക്കുകയും ഒത്തുതീര്‍പ്പുണ്ടാകുകയും ചെയ്തുവെന്ന് പുതിയ സന്ദേശത്തില്‍ അദ്ദേഹം പറയുന്നു. ഈ റമദാനില്ലെങ്കിലും മാറ്റം ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു വികാരഭരിതനായ അദ്ദേഹത്തിന്റെ ആദ്യത്തെ സന്ദേശം.
സിനിമാ നടനായ നിങ്ങള്‍ക്ക് ഖുര്‍ആനും ഹദീസും ഉദ്ധരിക്കാന്‍ എന്തവകാശമെന്ന ചിലരുടെ കമന്റുകള്‍ക്കും നിയാസ് ബക്കര്‍ പുതിയ വിഡിയോയില്‍ മറുപടി പറയുന്നു.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലെ പ്രധാന നടനാണ് ശീതളനേയും കോയയേയം മാറി മാറി അവതരിപ്പിക്കുന്ന നിയാസ് ബക്കര്‍. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളില്‍മേലുളള പ്രതികരണമാണ് മറിമായത്തിലെ ഓരോ എപ്പിസോഡും.
പ്രശസ്ത നാടക നടനായിരുന്ന അബൂബക്കറിന്റെ മകനാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ നിയാസ്. മിമിക്രി താരവും നടനുമായ കലാഭവന്‍ നവാസ് സഹോദരനാണ്. 93 മുതല്‍ സിനിമാ രംഗത്തുള്ള നിയാസ് ബക്കര്‍ ടെലിവിഷന്‍ സീരിയലിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയനായത്.