Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ എണ്ണയുൽപാദനം ഉയർത്തി

റിയാദ് - മെയിൽ സൗദി അറേബ്യ പ്രതിദിന എണ്ണ ഉൽപാദനം 1,70,000 ബാരൽ തോതിൽ ഉയർത്തിയതായി ബ്ലൂംബെർഗ് ഏജൻസി റിപ്പോർട്ട് ചെയ്തു. മെയിൽ സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുൽപാദനം 99.6 ലക്ഷം ബാരലായിരുന്നു. ഏപ്രിലിൽ ഇത് 97.9 ലക്ഷം ബാരലായിരുന്നു. മാർച്ചിൽ പ്രതിദിനം ശരാശരി 97.87 ലക്ഷം ബാരൽ തോതിലാണ് സൗദി അറേബ്യ എണ്ണ ഉൽപാദിപ്പിച്ചത്. 
ആഗോള വിപണിയിൽ എണ്ണ വില ഉയർത്തുന്നതിന് ശ്രമിച്ച് ഉൽപാദനം കുറക്കുന്നതിന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം നിശ്ചയിക്കപ്പെട്ട സൗദി അറേബ്യയുടെ ക്വാട്ടയേക്കാൾ കുറവാണ് മെയിലെ ഉൽപാദനം. ഒപെക് പ്ലസ് കരാർ പ്രകാരം സൗദി അറേബ്യയുടെ പ്രതിദിന ഉൽപാദന ക്വാട്ട 10.3 ദശലക്ഷം ബാരലാണ്. ഒപെക് പ്ലസ് കരാർ ചട്ടക്കൂടിനകത്തു ഒതുങ്ങിനിന്നാണ് മെയിൽ സൗദി അറേബ്യ ഉൽപാദനം ഉയർത്തിയത്. 
ഈ വർഷം ആദ്യത്തെ നാലു മാസത്തിനിടെ സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുൽപാദനത്തിൽ 5,10,000 ബാരലിന്റെ കുറവുണ്ടായിട്ടുണ്ട്. ഏപ്രിലിൽ പ്രതിദിനം ശരാശരി 98 ലക്ഷം ബാരൽ തോതിലാണ് സൗദി അറേബ്യ എണ്ണ ഉൽപാദിപ്പിച്ചത്. 2018 ൽ ഇത് 10.317 ദശലക്ഷം ബാരലായിരുന്നു. 
ഏപ്രിലിൽ ഒപെക് രാജ്യങ്ങളുടെ ആകെ പ്രതിദിന എണ്ണ ഉൽപാദനം 30.031 ദശലക്ഷം ബാരലായിരുന്നു. മാർച്ചിൽ ഇത് 30.034 ദശലക്ഷം ബാരലായിരുന്നു. ആഗോള വിപണിക്കാവശ്യമായ എണ്ണയുടെ നാൽപതു ശതമാനവും നൽകുന്നത് ഒപെക് രാജ്യങ്ങളാണ്. സൗദി അറേബ്യക്കു പുറമെ ഇറാഖും ലിബിയയും കഴിഞ്ഞ മാസം എണ്ണ ഉൽപാദനം വർധിപ്പിച്ചു. എന്നാൽ ചില രാജ്യങ്ങളിൽനിന്നുള്ള ഉൽപാദനം കുറഞ്ഞതിനാൽ ഒപെക്കിന്റെ ആകെ ഉൽപാദനത്തിൽ മാറ്റം വന്നിട്ടില്ല. സൗദി അറേബ്യ പ്രതിദിന ഉൽപാദനത്തിൽ 1,70,000 ബാരലിന്റെ വർധനവ് വരുത്തിയെങ്കിലും ഒപെക്കിനു കീഴിലെ പതിനാലു രാജ്യങ്ങളുടെയും ആകെ ഉൽപാദനം 30.26 ദശലക്ഷം ബാരൽ തോതിൽ മാറ്റമില്ലാതെ തുടർന്നതായി ബ്ലൂംബെർഗ് ഏജൻസി പറഞ്ഞു. 


 

Latest News