Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഡീസല്‍ ഉപയോഗം കുറയുന്നു; 13 വര്‍ഷത്തിനു ശേഷം ഇന്ധന ഉപഭോഗം കുറഞ്ഞു

റിയാദ് - പതിമൂന്നു വർഷത്തിനിടെ ആദ്യമായി സൗദിയിൽ ഇന്ധന ഉപയോഗം കുറഞ്ഞു. പ്രകൃതി വാതകം, ക്രൂഡ് ഓയിൽ, നാഫ്ത അടക്കമുള്ള ഇന്ധനങ്ങളുടെ ഉപയോഗമാണ് കുറഞ്ഞത്. 2006 നു ശേഷം ആദ്യമായാണ് സൗദിയിൽ ഇന്ധന ഉപയോഗത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഇന്ധന ഉപയോഗത്തിൽ 3.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇന്ധന ഉപയോഗത്തിൽ അഞ്ചര കോടി ബാരലിന്റെ കുറവുണ്ടായി. കഴിഞ്ഞ വർഷം രാജ്യത്തെ ആകെ ഇന്ധന ഉപയോഗം 137.4 കോടി ബാരലായിരുന്നു. 2017 ൽ ഇത് 142.9 കോടി ബാരലായിരുന്നു. 


ഡീസൽ ഉപയോഗം കുറഞ്ഞതാണ് സൗദിയിൽ ഇന്ധന ഉപയോഗം കുറയുന്നതിലേക്ക് നയിച്ചത്. ഡീസൽ ഉപയോഗത്തിൽ കഴിഞ്ഞ വർഷം 12.1 ശതമാനം കുറവ് രേഖപ്പെടുത്തി. ഡീസൽ ഉപയോഗത്തിൽ രണ്ടര കോടിയിലേറെ ബാരലിന്റെ കുറവുണ്ടായി. ആകെ ഇന്ധന ഉപയോഗത്തിൽ രേഖപ്പെടുത്തിയ കുറവിന്റെ പകുതിയോളം ഡീസൽ ഇനത്തിലാണ്. കഴിഞ്ഞ വർഷം സൗദിയിലെ ആകെ ഡീസൽ ഉപയോഗം 18.28 കോടി ബാരലാണ്. 2017 ൽ ഇത് 20.79 കോടി ബാരലായിരുന്നു. 2006 നു ശേഷം ആദ്യമായാണ് ഡീസൽ ഉപയോഗം ഇത്രയും കുറയുന്നത്.


ഡീസൽ കഴിഞ്ഞാൽ ക്രൂഡ് ഓയിൽ ഉപയോഗത്തിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. അസംസ്‌കൃത എണ്ണ ഉപയോഗം 10.5 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം ക്രൂഡ് ഓയിൽ ഉപയോഗത്തിൽ ഒന്നേമുക്കാൽ കോടിയിലേറെ ബാരലിന്റെ കുറവ് രേഖപ്പെടുത്തി. 2018 ക്രൂഡ് ഓയിൽ ഉപയോഗം 15 കോടി ബാരലായിരുന്നു. 2017 ൽ ഇത് 16.7 കോടി ബാരലായിരുന്നു. 2008 നു ശേഷം ആദ്യമായാണ് ക്രൂഡ് ഓയിൽ ഉപയോഗം ഇത്രയും കുറയുന്നത്. 
മുംതാസ് ഇനത്തിൽ പെട്ട പെട്രോൾ ഉപയോഗത്തിൽ ആറര ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം പെട്രോൾ ഉപയോഗത്തിൽ 1.35 കോടി ബാരലിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ വർഷം 19.4 കോടി ബാരലും 2017 ൽ 20.8 കോടി ബാരലുമായിരുന്നു പെട്രോൾ ഉപയോഗം. 2014 നു ശേഷം ആദ്യമായാണ് പെട്രോൾ ഉപയോഗം ഇത്രയും കുറയുന്നത്. 

ഫ്യൂവൽ ഓയിൽ ഉപയോഗം മൂന്നര ശതമാനം തോതിൽ കഴിഞ്ഞ കൊല്ലം കുറഞ്ഞു. കഴിഞ്ഞ കൊല്ലം ഫ്യൂവൽ ഓയിൽ ഉപയോഗം 17.4 കോടി ബാരലും 2017 ൽ 18 കോടി ബാരലുമായിരുന്നു. കഴിഞ്ഞ വർഷം ഫ്യൂവൽ ഓയിൽ ഉപയോഗത്തിൽ 63 ലക്ഷം ബാരലിന്റെ കുറവുണ്ടായി. നാഫ്ത ഉപയോഗത്തിൽ 20.2 ശതമാനം കുറവുണ്ടായി. നാഫ്ത ഉപയോഗത്തിൽ 23 ലക്ഷം ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആകെ 89 ലക്ഷം ബാരൽ നാഫ്തയാണ് ഉപയോഗിച്ചത്. 2017 ൽ ഇത് 1.12 കോടി ബാരലായിരുന്നു. റിഫോർമാറ്റ് ഇനത്തിൽ പെട്ട ഇന്ധനത്തിന്റെ ഉപയോഗം 3.1 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം ഈ ഇനത്തിൽ പെട്ട 1.02 കോടി ബാരൽ ഇന്ധനം ഉപയോഗിച്ചു. 2017 ൽ ഇത് 1.05 കോടി ബാരലായിരുന്നു. റിഫോർമാറ്റ് ഉപയോഗത്തിൽ മൂന്നു ലക്ഷം ബാരലിന്റെ കുറവാണുണ്ടായത്. 
നാലിനം ഇന്ധനങ്ങളുടെ ഉപയോഗത്തിൽ കഴിഞ്ഞ വർഷം വർധനവ് രേഖപ്പെടുത്തി. പ്രകൃതി വാതകത്തിന്റെ ഉപയോഗമാണ് ഏറ്റവും കൂടുതൽ വർധിച്ചത്. പ്രകൃതി വാതക ഉപയോഗത്തിൽ 1.3 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 58.14 കോടി ബാരൽ പ്രകൃതി വാതകം ഉപയോഗിച്ചു. 2017 ൽ ഇത് 57.38 കോടി ബാരലായിരുന്നു. കഴിഞ്ഞ വർഷം 76 ലക്ഷം ബാരൽ പ്രകൃതി വാതകമാണ് അധികം ഉപയോഗിച്ചത്. 
വിമാന ഇന്ധനം, മണ്ണെണ്ണ ഉപയോഗത്തിൽ 4.8 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ വർഷം 3.79 കോടി ബാരൽ വിമാന ഇന്ധനവും മണ്ണെണ്ണയും ഉപയോഗിച്ചു. 2017 ൽ ഇത് 3.61 കോടി ബാരലായിരുന്നു. കഴിഞ്ഞ വർഷം വിമാന ഇന്ധന, മണ്ണെണ്ണ ഉപയോഗത്തിൽ 17 ലക്ഷത്തിലേറെ ബാരലിന്റെ വർധനവാണുണ്ടായത്. അസ്ഫാൽറ്റ് ഉപയോഗത്തിൽ 1.8 ശതമാനം വളർച്ചയുണ്ടായി. 2017 ൽ അസ്ഫാൽറ്റ് ഉപയോഗം 1.29 കോടി ബാരലായിരുന്നു. കഴിഞ്ഞ കൊല്ലം ഇത് 1.32 കോടി ബാരലായി ഉയർന്നു. ലൂബ്രിക്കന്റ് ഉപയോഗത്തിൽ 12.9 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ കൊല്ലം രണ്ടു ലക്ഷം ബാരൽ ലൂബ്രിക്കന്റ് അധികം ഉപയോഗിച്ചു. കഴിഞ്ഞ വർഷം 15 ലക്ഷം ബാരൽ ലൂബ്രിക്കന്റാണ് ഉപയോഗിച്ചത്. 2017 ൽ ഇത് 13 ലക്ഷം ബാരലായിരുന്നെന്നും കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു.
2006 ൽ ഡീസൽ ഉപയോഗം 17.9 കോടി ബാരലായിരുന്നു. ഗതാഗതത്തിനും വൈദ്യുതി ഉൽപാദനത്തിനും വ്യവസായങ്ങൾക്കും ഡീസൽ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപാദനത്തിൽ 1.4 കോടി ബാരൽ ഡീസൽ ലാഭിക്കാൻ സാധിച്ചതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചിരുന്നു. വൈദ്യുതി ഉൽപാദനത്തിന് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഇന്ധനം അവലംബിക്കുന്നത് കുറക്കുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. 


സൗദി ഇലക്ട്രിസിറ്റി കമ്പനിക്കു കീഴിലെ വൈദ്യുതി നിലയങ്ങളിൽ താപകാര്യക്ഷമത (തെർമൽ എഫിഷ്യൻസി) അനുപാതം 39.9 ശതമാനമായി ഉയർന്നിട്ടുണ്ട്. 2017 ൽ ഇത് 38.3 ശതമാനമായിരുന്നു. ഇന്ധന ഉപഭോഗം കുറക്കുന്നതിനും വൈദ്യുതി വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകമായി. ഡീസലിനും ക്രൂഡ് ഓയിലിനും പകരം പ്രകൃതി വാതകവും ഹെവി ഫ്യൂവലും ഉപയോഗിച്ച് പ്രവർത്തിക്കുന്ന, ഉയർന്ന കാര്യക്ഷമതയുള്ള പദ്ധതികൾ നടപ്പാക്കിയതിലൂടെ വൈദ്യുതി ഉൽപാദന ശേഷി മെച്ചപ്പെട്ടിട്ടുണ്ട്. വൈദ്യുതി നിലയങ്ങളിൽ താപകാര്യക്ഷമതാ അനുപാതം ഉയർത്തിയതിലൂടെ ഇന്ധന ഉപയോഗം കുറക്കുന്നതിന് സാധിച്ചതായും സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.

Latest News