ഈദ് ഗാഹിലെ സന്തോഷം പങ്കുവെച്ച് മേജര്‍ രവി

കൊച്ചി- ഈദ്ഗാഹില്‍ പങ്കെടുത്ത് പെരുന്നാള്‍ സന്തോഷം പങ്കിട്ട ഫോട്ടോകള്‍ പങ്കുവെച്ച് സംവിധായകന്‍ മേജര്‍ രവി. എല്ലാ സുഹൃത്തുക്കള്‍ക്കും ഈദ് മുബാറക്ക് നേര്‍ന്നുകൊണ്ടാണ് അദ്ദേഹം ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തത്. എല്ലാ സഹോദരീ സഹോദരന്മാര്‍ക്കുമെന്ന് പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ആലുവ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ പെരുന്നാള്‍ നമസ്‌കാരം വീക്ഷിക്കാനാണ് മേജര്‍ രവി ഉള്‍പ്പെടെ വിവിധ സമുദായക്കാരായ പ്രമുഖര്‍ എത്തിയത്.

ആലുവ അദൈ്വതാശ്രമത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, മംഗലപ്പുഴ സെമിനാരിയിലെ ഫാ. വിന്‍സന്റ് കുണ്ടുകുളം, ആലുവ അന്‍സാര്‍ മസ്ജിദ് ഇമാം എം.പി. ഫൈസല്‍, തണല്‍ പാലിയേറ്റീവ് കെയര്‍ രക്ഷാധികാരി കെ.കെ.ബഷീര്‍ തുടങ്ങിയ പ്രമുഖര്‍ സന്തോഷം പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

വെറുപ്പും വിദ്വേഷവും പരത്തി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം സൗഹൃദങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രതികരിച്ചു.

 

 

Latest News