Sorry, you need to enable JavaScript to visit this website.

ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടൽ: പ്രതിഷേധവുമായി ഇടതു സംഘടനകൾ

വിവാദങ്ങൾക്ക് തുടക്കമിട്ട നോട്ടീസ് 

ഒറ്റപ്പാലം- വിവാദങ്ങൾക്കിടയിൽ ക്ഷേത്രാചാരം മുടക്കമില്ലാതെ നടന്നു. കൂനന്തുള്ളി അമ്പലം കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാൻ ഇടതുപക്ഷ സംഘടനകളുടേയും യുക്തിവാദികളുടേയും തീരുമാനം. ക്ഷേത്രത്തിൽ നിലനിൽക്കുന്ന ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടൽ വഴിപാട് പഴയ ജാത്യാചാരം കേരളത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുള്ള ആസൂത്രിത നീക്കമാണെന്നാരോപിച്ച് വിവിധ ഇടതുപക്ഷ സംഘടനകൾ രണ്ടാഴ്ചയായി നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിവരികയായിരുന്നു. ക്ഷേത്രക്കമ്മിറ്റിയും ഒരു വിഭാഗം നാട്ടുകാരും ഇതിനെതിരായ നിലപാടും നവമാധ്യമങ്ങളിൽ ഉന്നയിച്ചിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം നാല് പേർ കാൽകഴിച്ചൂട്ട് വഴിപാടിൽ പങ്കെടുത്തത്. ക്ഷേത്രക്കമ്മിറ്റി തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് നവമാധ്യമങ്ങളിൽ കുറിപ്പിട്ടിട്ടുണ്ട്. ഇതിനെതിരെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യനിര പടുത്തുയർത്തുമെന്ന് ആചാരത്തിനെതിരായ പ്രചാരണത്തിന് നേതൃത്വം നൽകിയ മുൻ നഗരസഭാ ചെയർമാനും സി.പി.എം നേതാവുമായ ഇ.രാമചന്ദ്രൻ അറിയിച്ചു. അനാവശ്യ വിവാദങ്ങളിലൂടെ ക്ഷേത്രാചാരങ്ങളേയും വിശ്വാസത്തേയും തകർക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത് എന്നാരോപിച്ച് ക്ഷേത്ര ഭരണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്. വിവിധ സംഘ്പരിവാർ സംഘടനകളുടെ പിന്തുണയും ഇവർക്കുണ്ട്. വരുംദിവസങ്ങളിൽ വിഷയം ആളിപ്പടരുമെന്നാണ് സൂചന.
ക്ഷേത്രോൽസവത്തിന്റെ ഭാഗമായി നടക്കുന്ന ബ്രാഹ്മണർക്ക് കാൽകഴിച്ചൂട്ടൽ വഴിപാടിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അഞ്ഞൂറു രൂപയടച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന നോട്ടീസ് ക്ഷേത്ര ഭരണസമിതി പുറത്തിറക്കിയതോടെയാണ് വിവാദത്തിന്റെ തുടക്കം. പുരോഗമന കലാസാഹിത്യ സംഘം, കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്, യുക്തിവാദി സംഘം എന്നിവർ പ്രത്യക്ഷമായിത്തന്നെ ചടങ്ങിനെതിരേ രംഗത്ത് വന്നു. പ്രതിരോധിക്കാനിറങ്ങിയ ക്ഷേത്രക്കമ്മിറ്റിക്ക് പിന്തുണയുമായി സംഘ്പരിവാറും രംഗത്തിറങ്ങി. ചടങ്ങ് നിയമം മൂലം തടയണമെന്നായിരുന്നു യുക്തിവാദി സംഘം പോലുള്ള സംഘടനകളുടെ ആവശ്യം. എന്നാൽ പോലീസ് വിഷയത്തിൽ ഇടപെട്ടില്ല. ഏറെക്കാലമായി പല അമ്പലങ്ങളിലും നിലനിൽക്കുന്ന ആചാരമാണ് ബ്രാഹ്മണർക്കുള്ള കാൽകഴുകിച്ചൂട്ട് എന്ന വിശദീകരണമാണ് ക്ഷേത്രക്കമ്മിറ്റി നൽകിയത്. ജാതി മേൽക്കോയ്മയെ അംഗീകരിക്കുന്ന ഒന്നും അതിലില്ലെന്നും വിശ്വാസവുമായി ബന്ധപ്പെട്ടാണ് ചടങ്ങ് നടക്കുന്നതെന്നും കമ്മിറ്റി വിശദീകരിച്ചു. ആരോപണ പ്രത്യോരോപണങ്ങൾ അരങ്ങു തകർക്കുന്നതിനിടയിൽ നാല് പേർ ഫീസടച്ച് ആചാരത്തിൽ പങ്കുകൊണ്ടു.
വിഷയം ഏറ്റെടുക്കുമെന്ന ഇടതുപക്ഷ സംഘടനകളുടെ പ്രഖ്യാപനം സി.പി.എമ്മിലെ ഒരു വിഭാഗം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫിന് ദയനീയ തിരിച്ചടി നൽകുന്നതിൽ ശബരിമല വിഷയത്തിന് പങ്കുണ്ടോ ഇല്ലയോ എന്നതിനെച്ചൊല്ലി പാർട്ടിയിൽ തർക്കം മുറുകുകയാണ്. ശബരിമല ബാധിച്ചു എന്ന വിലയിരുത്തലിന്റെ ഭാഗമായി നിൽക്കുന്നവരാണ് കൂനന്തുള്ളി വിവാദത്തെ സംശയത്തോടെ നോക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ പാർട്ടിക്കകത്ത് നടന്നതിനു ശേഷം മാത്രം സി.പി.എം നേതാക്കൾ രംഗത്തിറങ്ങിയാൽ മതി എന്നാണ് അവർ ഉയർത്തുന്ന വാദം. അതേസമയം നവോത്ഥാന നിലപാടിൽ ഉറച്ചു നിന്നാണ് കേരളത്തിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കേണ്ടത് എന്നു വാദിക്കുന്നവർ മറുപക്ഷത്താണ്. ക്ഷേത്രക്കമ്മിറ്റിക്ക് പൂർണ പിന്തുണ നൽകാനാണ് ആർ.എസ്.എസിന്റെ തീരുമാനം. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അവകാശം ഭക്തർക്ക് ആണെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു.

 

Latest News