കണ്ണൂർ - നരേന്ദ്ര മോഡിയെ ഗാന്ധിജിയോട് ഉപമിച്ച എ.പി.അബ്ദുല്ലക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം വിട്ട് കോൺഗ്രസിൽ വന്ന എ.പി.അബ്ദുല്ലക്കുട്ടിയെക്കൊണ്ട് പാർട്ടിക്കു ഒരു ഗുണവും ഉണ്ടായിട്ടില്ല. അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയത് കോൺഗ്രസിനു ഗുണം ചെയ്യും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവണതയുള്ള ആളാണ് അബ്ദുല്ലക്കുട്ടി. ഗാന്ധിജിക്കു തുല്യമായി നരേന്ദ്ര മോഡിയെ ഉപമിക്കുന്ന ഒരാളെ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ആവശ്യമില്ല. മോഡിയെ പുകഴ്ത്തുന്ന അബ്ദുല്ലക്കുട്ടി ബി.ജെ.പിയുടെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കേണ്ട ആളാണ്. ഗുരുവിനെ തോൽപിച്ച ശിഷ്യനാണ് അബ്ദുല്ലക്കുട്ടി -സുധാകരൻ പറഞ്ഞു.
തറവാടിത്തം ഇല്ലാത്ത പാർട്ടിയാണ് ബി.ജെ.പി. ബി.ജെ.പിയുടെ നയങ്ങൾ രാജ്യത്തിന് ആപത്താണ്. ആവശ്യമില്ലാത്ത പ്രചാരണം നടത്തി കോൺഗ്രസിനെ തരം താഴ്ത്തുന്ന രീതിയാണ് സി.പി.എം സ്വീകരിച്ചു പോന്നിട്ടുളളതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
തലശ്ശേരിയിൽ പൊതു പ്രവർത്തകനായ സി.ഒ.ടി നസീറിനെ ആക്രമിച്ചതിൽ വലിയ പങ്ക് എ.എൻ.ഷംസീർ എം.എൽ.എക്കുണ്ട്. പി.ജയരാജൻ ആശുപത്രിയിൽ പോയി നസീറിനെ സന്ദർശിച്ചതിൽ ദുരൂഹതയുണ്ട്. ഷംസീറിന്റെ നിർദേശമനുസരിച്ചാണ് അക്രമം നടന്നത്. അതിനാൽ ഇക്കാര്യം വിശദമായി അന്വേഷിക്കണം -സുധാകരൻ ആവശ്യപ്പെട്ടു.