തിരുവനന്തപുരം-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് എഡിജിപി മനോജ് എബ്രഹാം ഐപിഎസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ പി ഹണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
ഇത് സംബന്ധിച്ച് 32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടര്‍ , കുട്ടികളുടെ വീഡിയോ, ചിത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്തവയില്‍ ഏറെയും മലയാളി കുട്ടികളുടേതായിരുന്നുവെന്ന് മനോജ് എബ്രഹാം അറിയിച്ചു.
2019ല്‍ സൈബര്‍ സെക്യൂരിറ്റി ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് ഇന്റര്‍ പോളിന്റേയും, ഐസിഎംഇസിന്റെയും സഹകരണത്തോടെ പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ വഴിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ പിടികൂടാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ പിഹണ്ടിന് തുടക്കമിട്ടത്. ആദ്യ ഘട്ടത്തില്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചവര്‍ക്കതിരെ കര്‍ശന നടപടികള്‍ കൈകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട ഓപ്പറേഷന്‍ നടത്തിയത്. അന്വേഷത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടേയും, കാണുന്നവരുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈകൊണ്ടത്.
സോഷ്യല്‍ മീഡിയകളായ ഫെയ്‌സ് ബുക്ക്, വാട്ട്‌സ് അപ്പ്, ടെലെഗ്രാം, തുടങ്ങിയവയിലൂടെയുള്ള ഇത്തരത്തിലുളള പ്രചരണവും ശക്തമായി നിരീക്ഷിക്കും. ഇത്തരത്തിലുള്ള നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 32 സംഭവങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയിരുന്നു. അതില്‍ പലതും വിദേശ രാജ്യങ്ങളില്‍ നിന്നും നടത്തുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വഷണത്തിന് ഇന്റര്‍പോളിന്റെ സഹായവവും തേടും.എഡിജിപി മനോജ് എബ്രഹാം, ഐജി. എസ് ശ്രീജിത്ത്, എന്നിവരുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ 12 ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജൂണ്‍ 2 ന് നടത്തിയ റെയ്ഡിലാണ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 4 പേരെ അറസ്റ്റ് ചെയ്തത്.
അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയും 10 ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കേരള പൊലീസിന്റെ കീഴിലുള്ള സൈബര്‍ ഡോം, സൈബര്‍ സെല്‍, ഹൈടെക്ക് സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ കര്‍ശനമാക്കുമെന്നും എഡിജിപിയും ,സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.