റിയാദ് - സൗദി അറേബ്യ മൂന്നു വർഷത്തിനിടെ സ്വർണ ഉൽപാദനത്തിൽ 154 ശതമാനം വളർച്ച കൈവരിച്ചു. 2016 ൽ വിഷൻ 2030 പദ്ധതി പ്രഖ്യാപിക്കുമ്പോൾ സൗദി അറേബ്യയുടെ പ്രതിവർഷ സ്വർണ ഉൽപാദനം 5,080 കിലോ ആയിരുന്നു. കഴിഞ്ഞ വർഷം ഇത് 12,910 കിലോ ആയി ഉയർന്നു. മൂന്നു കൊല്ലത്തിനിടെ പ്രതിവർഷ സ്വർണ ഉൽപാദനത്തിൽ 7,800 കിലോയുടെ വളർച്ച കൈവരിക്കുന്നതിന് രാജ്യത്തിന് സാധിച്ചു.
വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതി ഖനന മേഖലക്ക് വലിയ ഊന്നലാണ് നൽകുന്നത്. ഊർജ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം സൗദിയുടെ സ്വർണ ഉൽപാദനത്തിൽ 25 ശതമാനം വളർച്ചയുണ്ടായി. 2017 ൽ സ്വർണ ഉൽപാദനം 10,330 കിലോ ആയിരുന്നു. കഴിഞ്ഞ വർഷം 2,600 കിലോയോളം സ്വർണം സൗദി അറേബ്യ അധികം ഉൽപാദിപ്പിച്ചു. പത്തു വർഷത്തിനിടെ സ്വർണ ഉൽപാദനത്തിൽ 185 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്. 2008 ൽ രാജ്യത്തിന്റെ സ്വർണ ഉൽപാദനം 4,530 കിലോ മാത്രമായിരുന്നു. പത്തു കൊല്ലത്തിനിടെ പ്രതിവർഷ സ്വർണ ഉൽപാദനത്തിൽ 8,400 കിലോയുടെ വളർച്ചയുണ്ടായി.
കഴിഞ്ഞ വർഷം ഒരു ഔൺസ് സ്വർണത്തിന് ശരാശരി വില 1,268 ഡോളറായിരുന്നു. ഈ നിരക്കിൽ കണക്കാക്കിയാൽ കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 57.7 കോടി ഡോളറിന്റെ (217 കോടി റിയാൽ) സ്വർണം ഉൽപാദിപ്പിച്ചിട്ടുണ്ട്. 2017 ൽ 170 കോടി റിയാലിന്റെ സ്വർണമാണ് ഉൽപാദിപ്പിച്ചത്. ആ വർഷം ഒരു ഔൺസ് സ്വർണത്തിന്റെ ശരാശരി വില 1,257 ഡോളറായിരുന്നു.
കഴിഞ്ഞ വർഷം സൗദിയുടെ വെള്ളി ഉൽപാദനത്തിലും 14 ശതമാനം വളർച്ചയുണ്ടായി. 2018 ൽ 691 കിലോ വെള്ളിയാണ് അധികം ഉൽപാദിപ്പിച്ചത്. കഴിഞ്ഞ വർഷം ആകെ വെള്ളി ഉൽപാദനം 5,760 കിലോ ആയിരുന്നു. 2017 ൽ ഇത് 5,070 കിലോയോളം ആയിരുന്നു. 2016 ൽ വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ചതു മുതൽ സൗദിയുടെ വെള്ളി ഉൽപാദനത്തിൽ 28 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്. 2015 ൽ വെള്ളി ഉൽപാദനം 4,500 കിലോ ആയിരുന്നു. പ്രതിവർഷ വെള്ളി ഉൽപാദനത്തിൽ 1,620 കിലോയുടെ വളർച്ചയാണ് മൂന്നു വർഷത്തിനിടെ കൈവരിച്ചത്. കഴിഞ്ഞ വർഷം സിങ്ക് ഉൽപാദനത്തിൽ 98 ശതമാനം വളർച്ചയുണ്ടായി. 20,200 ടൺ സിങ്ക് ആണ് കഴിഞ്ഞ വർഷം അധികം ഉൽപാദിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ആകെ സിങ്ക് ഉൽപാദനം 41,950 ടൺ ആയിരുന്നു.
2017 ൽ ഇത് 21,800 ടൺ ആയിരുന്നു. കഴിഞ്ഞ വർഷം ഖനന ലൈസൻസുകളുടെ എണ്ണത്തിൽ 1.3 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം പുതുതായി 26 ഖനന ലൈസൻസുകൾ അനുവദിച്ചു. ഇതോടെ ആകെ ഖനന ലൈസൻസുകളുടെ എണ്ണം 2,045 ആയി. 2017 അവസാനത്തിൽ ഖനന ലൈസൻസുകളുടെ എണ്ണം 2,019 ആയിരുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അറബ് രാജ്യങ്ങളിലെ ആകെ കരുതൽ സ്വർണ ശേഖരത്തിന്റെ നാലിലൊന്നും സൗദി അറേബ്യയുടെ വിഹിതമാണ്. സൗദിയുടെ സ്വർണ കരുതൽ ശേഖരം 323.1 ടൺ ആണ്.
അറബ് ലോകത്തെ ആകെ കരുതൽ സ്വർണ ശേഖരം 1,300 ടൺ ആണ്. ലോകത്തെ ആകെ കരുതൽ സ്വർണ ശേഖരം 33,640 ടൺ ആണ്. ഇതിൽ സൗദി അറേബ്യയുടെ പങ്ക് ഒരു ശതമാനമാണ്. ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ പതിനാലാം സ്ഥാനത്താണ്. എന്നാൽ അറബ് ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ളത് സൗദി അറേബ്യയുടെ പക്കലാണ്.