ജിസാൻ - കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദക്ഷിണ അതിർത്തിയിൽ സന്ദർശനം നടത്തി. ജിസാൻ സെക്ടർ സന്ദർശിച്ച കിരീടാവകാശി അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികരെ പെരുന്നാൾ ആശംസകൾ അറിയിച്ചു.
ജിസാനിലെത്തിയ കിരീടാവകാശിയെ ജിസാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരനും സംയുക്ത സേനാ കമാണ്ടർ ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ പെരുന്നാൾ ആശംസകൾ സൈനികരെ അറിയിച്ച കിരീടാവകാശി രാജ്യവും വിശുദ്ധ സ്ഥലങ്ങളും സംരക്ഷിക്കുന്നതിന് സൈനികർ നിർവഹിക്കുന്ന പങ്കിനെ പ്രശംസിച്ചു.
നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവർ കിരീടാവകാശിയെ അനുഗമിച്ചു.