റിയാദ് - പെരുന്നാൾ പ്രമാണിച്ച് വിവിധ പ്രവിശ്യകളിൽ ട്രാഫിക് പോലീസുകാരും സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷനും മറ്റും യാത്രക്കാർക്ക് പൂച്ചെണ്ടുകളും മിഠായികളും വിതരണം ചെയ്തു. പല ഈദ് ഗാഹുകളിലും അറബി കാപ്പിയും (ഖഹ്‌വ) ഈത്തപ്പഴവും പെരുന്നാൾ മിഠായികളും വിതരണം ചെയ്തു. പ്രവിശ്യാ ഗവർണർമാരെ സന്ദർശിച്ച് പൗരപ്രമുഖരും സാധാരണക്കാരും പെരുന്നാൾ ആശംസകൾ നേർന്നു. പണ്ഡിതരെയും ആശുപത്രികളിൽ കഴിയുന്ന രോഗികളെയും സന്ദർശിച്ചും അനാഥാലയങ്ങളും അഭയ കേന്ദ്രങ്ങളും സന്ദർശിച്ചും ഗവർണർമാർ പെരുന്നാൾ ആശംസകൾ അർപ്പിച്ചു.
ദിവസങ്ങൾ നീളുന്ന വിപുലമായ ആഘോഷ പരിപാടികൾക്കാണ് പ്രധാന നഗരങ്ങളിലെ നഗരസഭകളെല്ലാം രൂപംനൽകിയിരിക്കുന്നത്. കരിമരുന്ന് പ്രയോഗങ്ങളും സാംസ്‌കാരിക, കായിക വിനോദ പരിപാടികളും മത്സരങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
വിശുദ്ധ റമദാനിലെ അവസാന പത്ത് വിശുദ്ധ ഹറമിൽ ചെലവഴിക്കുകയും മക്കയിൽ നടന്ന ഇസ്‌ലാമിക്, ഗൾഫ്, അറബ് ഉച്ചകോടികളിൽ സംബന്ധിക്കുകയും ഹറമിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കുകയും ചെയ്ത രാജാവ് ഇന്നലെ രാവിലെ ജിദ്ദയിൽ തിരിച്ചെത്തി. സൗദി അറേബ്യയിലും ബഹ്‌റൈനിലും കുവൈത്തിലും ഖത്തറിലും യു.എ.ഇയിലും യെമനിലും അൾജീരിയയിലും ഇറാഖിലും ഇന്നലെയായിരുന്നു പെരുന്നാൾ. ഈജിപ്ത് അടക്കമുള്ള ചില രാജ്യങ്ങളിൽ ഇന്നാണ് പെരുന്നാൾ.