കണ്ണൂർ - സോഷ്യൽ മീഡിയയിലൂടെ വിദ്യാർഥിനികളെ വലയിലാക്കി പീഡിപ്പിക്കുന്ന റാക്കറ്റിലെ രണ്ട് പേർക്കെതിരെ കേസ്. ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് രണ്ട് പേർക്കെതിരെ കേസെടുത്തത്. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
കണ്ണൂർ പുഴാതി കൊറ്റാളി അറുകണ്ണൻ ഹൗസിൽ എ.കെ.അക്ഷയ് (22), തളിപ്പറമ്പ് ചപ്പാരപ്പടവ് മങ്കര സ്വദേശി സാബിത്ത്(21)എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ അക്ഷയിനെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. പുതിയതെരുവിലെ വാഹന സർവീസ് സെന്ററിലെ ജീവനക്കാരനാണ് അക്ഷയ്. പോലീസ് അന്വേഷിക്കുന്ന സാബിത്ത് ഇപ്പോൾ ഷാർജയിലാണ് ജോലി ചെയ്യുന്നത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൽ നടന്നു വരുന്നു.
കണ്ണൂരിലെ പ്രശസ്തമായ സ്‌കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ഉന്നത വിദ്യാഭ്യാസമുള്ള, ഉയർന്ന നിലയിൽ ജീവിക്കുന്ന മാതാപിതാക്കളുടെ മകളാണ് കുട്ടി. മധ്യവേനൽ അവധിക്കാവലത്ത് ചപ്പാരപ്പടവിലെ മുത്തച്ഛന്റെ വീട്ടിലെത്തുന്ന പെൺകുട്ടി, മുത്തച്ഛന്റെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് ഫെയ്‌സ്ബുക്കിലൂടെ പ്രതികൾ സൗഹൃദം സ്ഥാപിച്ചത്. ഇതിൽ വിദേശത്തുള്ള സാബിത്താണ് ആദ്യം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പിന്നീട് മോർഫ് ചെയ്ത അശ്ലീല ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. പിന്നീട് ഈ ചിത്രം സുഹൃത്തായ അക്ഷയിനു കൈമാറി. അക്ഷയ് ഒരു പെൺകുട്ടിയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി ഈ പെൺകുട്ടിക്കു റിക്വസ്റ്റ് അയക്കുകയും ചാറ്റിംഗ് തുടങ്ങുകയും ചെയ്തു. പിന്നീടാണ് ഫോട്ടോ കൈവശമുണ്ടെന്നു പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. കൈയ്യിൽ പണമില്ലെന്നു പറഞ്ഞപ്പോൾ അമ്മൂമയുടെ സ്വർണാഭരണങ്ങൾ എടുത്തു നൽകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് രണ്ട് സ്വർണ വളകൾ എടുത്തു നൽകി. ഇതിനിടയിൽ മോർഫു ചെയ്ത അശ്ലീല ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ വിവരം ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് പെൺകുട്ടി എല്ലാ വിവരങ്ങളും രക്ഷിതാക്കളോട് പറഞ്ഞത്. തുടർന്ന് മാതാവ് വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത ശേഷം തളിപ്പറമ്പ് പോലീസിനു കൈമാറുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.