Sorry, you need to enable JavaScript to visit this website.

നിപ സ്ഥിരീകരിച്ചു; കേന്ദ്ര സംഘം കൊച്ചിയില്‍ ,കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി

കൊച്ചി- പനി ബാധിച്ച് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് സ്ഥിരീകരണം ലഭിച്ചത്. എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്.

വിദഗ്ധ സഹായത്തിനായി കേന്ദ്രസംഘം കേരളത്തിലെത്തിയിട്ടുണ്ട്. ദല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘമാണ് കൊച്ചിയിലെത്തിയത്. കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്‌തെന്നും ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ യോഗംചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.


നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പൂനെയിലേക്കും പരിശോധനക്ക് അയച്ചത്. നിപ സ്ഥിരീകരിച്ച യുവാവിനെ കൂടാതെ നാല് പേര്‍ കൂടി നിരീക്ഷണത്തിലാണ്. രോഗിയുടെ ഒരു സഹപാഠിയും കുടുംബാംഗവും ചികിത്സിച്ച രണ്ട് നഴ്‌സുമാരുമാണ് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ തുടരുന്നത്. ഇതില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു.

രോഗം ബാധിച്ച എത്തിയവരെ ചികിത്സിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായ കാര്യം. പ്രതിരോധപ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടത്തും.  ഇടുക്കിയാണ് രോഗത്തിന്റെ ഉറവിടമെന്ന് പറയാനാവില്ല. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ സ്ഥിരീകരിക്കാനാവുകയുള്ളൂ. രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികള്‍ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തിനോട് ചേര്‍ന്നുള്ള ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡ് സൗകര്യമുണ്ടാകും. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

 

 

Tags

Latest News