Sorry, you need to enable JavaScript to visit this website.

ആഘോഷ പൂത്തിരി കത്തിച്ച് പെരുന്നാള്‍; ലോക മുസ്ലിംകള്‍ക്ക് സല്‍മാന്‍ രാജാവിന്റെ ഈദാശംസകള്‍

ജിദ്ദ- പുണ്യങ്ങളുടെ പൂക്കാലമായ ഉപവാസ മാസത്തിന് പരിസമാപ്തി. വിശ്വാസികളുടെ മനസ്സില്‍ ആഘോഷത്തിന്റെ പൂത്തിരി കത്തിച്ച് ശവ്വാലമ്പിളി തെളിഞ്ഞതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് സമാപനമായി. ഗള്‍ഫില്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍. കേരളത്തില്‍ ബുധനാഴ്ച.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസയോഗ്യരായ ഏതാനും പേര്‍ അറിയിച്ചതു കണക്കിലെടുത്ത് ചൊവ്വാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. തുമൈറിലും ശഖ്‌റായിലുമാണ് മാസപ്പിറവി കണ്ടത്. സാധാരണ മാസപ്പിറവി കാണാറുള്ള സുദൈറിലും അല്‍ ബുകൈരിയയിലും പ്രതികൂല കാലാവസ്ഥ മൂലം മാസപ്പിറവി ദൃശ്യമായില്ല. ഇരു ഭാഗങ്ങളിലേയും മാസപ്പിറവി നിരീക്ഷകരുടെ വാദങ്ങള്‍ പരിശോധിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം വന്നത്.
ഒമാനൊഴികെ യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലും മിക്ക അറബ് രാജ്യങ്ങളിലും ചൊവ്വാഴ്ചയാണ് പെരുന്നാള്‍.
ഓസ്‌ട്രേലിയയിലും ജപ്പാനിലും ഇന്തോനേഷ്യയിലും മലേഷ്യയിലും ബുധനാാഴ്ചയാണ് പെരുന്നാള്‍. കേരളത്തില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി, പാളയം ഇമാം എന്നിവരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു.

 

Latest News