കൊച്ചി- രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി,കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിയ ജനകീയ മെട്രോ യാത്രയെക്കുറിച്ച് കെഎംആര്‍എല്‍ അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഗുരുതരമായ പിഴവുകളുണ്ടായെന്നാണ് കെഎംആര്‍എല്ലിന്‍റെ പ്രാഥമിക കണ്ടെത്തല്‍. അനിയന്ത്രിതമായി പ്രവര്‍ത്തകര്‍ സുരക്ഷ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. ആലുവയില്‍നിന്ന് ടിക്കറ്റെടുത്ത് നിരവധി പ്രവര്‍ത്തകര്‍ ആദ്യം തന്നെ പാലാരിവട്ടത്തേക്ക് പോയി. എന്നാല്‍ ഉമ്മന്‍ ചാണ്ടി തങ്ങള്‍ കയറിയ ട്രെയിനില്‍ ഇല്ലെന്ന് മനസ്സിലാക്കിയ ചില പ്രവര്‍ത്തകര്‍ പാലാരിവട്ടത്തിന് മുമ്പായി പല സ്റ്റേഷനുകളിലും ഇറങ്ങി. മെട്രോ യാത്രാചട്ടങ്ങള്‍ പ്രകാരം ഇതെല്ലാം നിയമവിരുദ്ധമാണ്.
നേതാക്കള്‍ കയറിയ ട്രെയിനില്‍ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയതോടെ പരിധിയില്‍ കൂടുതല്‍ ആളുകളെ വഹിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ട്രെയിനില്‍ പരമാവധി യാത്ര ചെയ്യാവുന്ന ആളുകളുടെ എണ്ണം 1,000 ആണ്. തിരക്ക് കാരണം മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററിനും ട്രെയിനുള്ളില്‍ സംവിധാനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചതും അന്വേഷിക്കുന്നുണ്ട്.
അതിനിടെ, കോണ്‍ഗ്രസിന്റെ ജനകീയ മെട്രോ യാത്രയ്ക്കിടെ കെഎംആര്‍എല്ലിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടായതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലഖേദം പ്രകടിപ്പിച്ചു. മെട്രോ ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജനകീയ മെട്രോ യാത്ര നടത്തിയത്.
യാത്രയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയെന്നും അതാണ് മെട്രോ സ്റ്റേഷനിലും ട്രെയിനിലും അനിയന്ത്രിതമായ തിരക്കുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. ഇതില്‍ ചില യാത്രക്കാര്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. മെട്രോ ട്രെയിനിലെയും സ്റ്റേഷനിലെയും വസ്തുക്കള്‍ക്ക് ആരും കേട് വരുത്തിയിട്ടില്ല. കൊച്ചി മെട്രോയെ സ്വന്തം കുഞ്ഞുപോലെയാണ് കരുതുന്നതെന്നും അതിന് മുറിവേല്‍ക്കുന്ന ഒരു നടപടിയുമുണ്ടാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.