പെരിന്തൽമണ്ണ-പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടെ പെരിന്തൽമണ്ണയ്ക്കടുത്തു വലമ്പൂരിൽ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസി വലമ്പൂർ കലംപറമ്പിൽ ഹമീദ് (35), പെൺകുട്ടിയുടെ ബന്ധു കലംപറമ്പിൽ മുഹ്‌സിന (24) എന്നിവരാണ് അറസ്റ്റിലായത്. ഹമീദിനെ വലമ്പൂരിൽ നിന്നും ഞായറാഴ്ച രാത്രിയും മുഹ്‌സിനയെ തിങ്കളാഴ്ച ഉച്ചയോടെയുമാണ് പെരിന്തമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. മുമ്പു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വലമ്പൂർ സ്വദേശികളായ ഇർഷാദലി, ജാസിം, ആസിഫ്, ആദിൽ എന്നിവരടക്കമുള്ളവർ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ ബന്ധു കൂടിയായ ഇർഷാദലിയുടെ ഭാര്യയാണ് മുഹ്‌സിന. ഇവർക്ക് ഏഴു മാസം പ്രായമായ മകനുണ്ട്. ഇക്കാര്യം ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പാതായ്ക്കര സ്വദേശി നാഷിദ് അലി (20) യെ മറ്റുള്ളവരുടെ അടുത്തെത്തിച്ചത് ഹമീദാണെന്ന് പോലീസ് പറഞ്ഞു. ഒളിവിലുള്ള ഇർഷാദലിയുടെ വീട്ടിൽ വെച്ച് മർദനത്തിനു മുഹ്‌സിന സഹായിച്ചുവെന്നും പോലീസ് പറയുന്നു. നാഷിദ് അലിയെ രണ്ടു പേർ ചേർന്ന് മലയിലേക്ക് കൊണ്ടുപോയി അടിച്ചു. ഇർഷാദലിയുടെ വീട്ടിലെത്തിച്ച് ജനൽ കമ്പിയിൽ കെട്ടിയിട്ട് ഇരുമ്പ് പൈപ്പ് കൊണ്ട് മർദിക്കുകയും മൂർച്ചയില്ലാത്ത കത്തി കൊണ്ട് പരിക്കേൽപിക്കുകയും ചെയ്തു. പിന്നീട് വലമ്പൂർ റെയിൽപാളത്തിനടുത്തു കൊണ്ടുപോയി ഇരുമ്പു വടി കൊണ്ടും മറ്റും മർദിക്കുകയായിരുന്നുവെന്നുമാണ് മർദനമേറ്റ നാഷിദ് അലി പോലീസിനു മൊഴി നൽകിയിരിക്കുന്നത്.