റിയാദ് - സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായില്ല. ഹോത്ത ബനീ തമീം, അൽബുകൈരിയ തുടങ്ങിയ സ്ഥലങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ടെലിസ്‌കോപുമായി തമ്പടിച്ചിരുന്ന സമിതി അംഗങ്ങൾക്ക് പ്രതികൂല കാലാവസ്ഥ മൂലം മാസപ്പിറവി ദർശിക്കാൻ കഴിഞ്ഞില്ല. അതേസമയം, തുമൈറിൽ മാസപ്പിറവി കണ്ടതായി അറിയിപ്പുണ്ട്. മാസപ്പിറവി ദർശനത്തെ കുറിച്ച് സുപ്രിം കോടതി ഏതാനും മണിക്കൂറുകൾക്കകം പ്രഖ്യാപനം നടത്തും.
ഗോള ശാസ്ത്ര കണക്ക് പ്രകാരം സൂര്യാസ്്തമയം കഴിഞ്ഞ് ആറു മിനുട്ടിന് ശേഷമാണ് ചന്ദ്രൻ അസ്തമിക്കേണ്ടിയിരുന്നത്. പക്ഷേ ചക്രവാളത്തിലെ കനത്ത ചൂടുള്ള രശ്മികൾ കാരണം കാഴ്ച സാധ്യമാവില്ലെന്ന് നിരീക്ഷകനായ അബ്ദുല്ല അൽഖുദൈരി നേരത്തെ സൂചന നൽകിയിരുന്നു. സൗദി അറേബ്യയുടെ ഔദ്യോഗിക കലണ്ടർ ആയ ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച് നാളെ ശവ്വാൽ ഒന്നാണ്. എങ്കിലും മാസപ്പിറവി ദർശനത്തിനനുസരിച്ചാണ് ഈദുൽ ഫിത്വർ ആഘോഷിക്കുക.
(നേരത്തെ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയിൽ പിശക് പറ്റിയതിൽ ഖേദിക്കുന്നു)