Sorry, you need to enable JavaScript to visit this website.

വീരേന്ദ്ര കുമാർ വീണ്ടും പെട്ടു: അഖിലേന്ത്യ ചെയർമാൻ രാഷ്ട്രീയ ജനതാദളിൽ 

കോഴിക്കോട്- ജനതാ പരിവാറിൽ വീണ്ടും പ്രതിസന്ധികൾ രൂപപ്പെടുന്നു. ഏറ്റവും ഒടുവിൽ ലോക് താന്ത്രിക് ജനതാദൾ ആയി മാറിയ വീരേന്ദ്ര കുമാറിന്റെ പാർട്ടിക്കാണ്  പ്രതിസന്ധി. പാർട്ടി അഖിലേന്ത്യാ ചെയർമാൻ രാഷ്ട്രീയ ജനതാദളിൽ ചേർന്നിടത്താണ് പ്രശ്‌നം തുടങ്ങിയത്.
ദേശീയ നേതൃത്വമുള്ള കക്ഷികൾക്കെല്ലാം ഇത്തരം പ്രതിസന്ധികൾ ഇടക്കിടെ വന്നുപോകുന്നു. ശരത് പവാറിന്റെ നേതൃത്വത്തിലെ എൻ.സി.പി കോൺഗ്രസിൽ ലയിക്കുന്നുവെന്ന സൂചനയുണ്ടായി. തൽക്കാലം ലയനമില്ല സഹകരണം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഏതു തരം  നീക്കവും അവിടെ ഉണ്ടാകാം.
കേരളത്തിൽ കോൺഗ്രസിനും യു.ഡി.എഫിനുമെതിരെ മത്സരിക്കുന്ന  ഇടതുമുന്നണിയിലെ ജനതാദൾ (എസ്), എൻ.സി.പി എന്നിവ കേരളത്തിന് പുറത്ത് കോൺഗ്രസിന്റെ സഖ്യകക്ഷികളാണ്. എൻ.സി.പിയാകട്ടെ, യു.പി.എയുടെ ഭാഗമാണ്. മൻമോഹൻ സിംഗിന്റെ രണ്ട് മന്ത്രിസഭകളിലും എൻ.സി.പി പ്രതിനിധികൾ ഉണ്ടായിരുന്നു.
കർണാടകയിൽ കോൺഗ്രസുമായി സഖ്യത്തിലാണ് ദേവഗൗഡയുടെ ജനതാദൾ. അവിടെ ജനതാദളി (എസ്) ലെ കുമരസ്വാമി മുഖ്യമന്ത്രിയായിരിക്കുന്നത് കോൺഗ്രസ് പിന്തുണയോടെയാണ്. സി.പി.എം, സി.പി.ഐ കക്ഷികൾക്കും ഇത്തരം ബന്ധം കേരളത്തിന് പുറത്തുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സി.പി.എം, സി.പി.ഐ കക്ഷികൾ കോൺഗ്രസുൾക്കൊള്ളുന്ന മുന്നണിയുടെ ഭാഗമായിരുന്നു. ബംഗാളിൽ കോൺഗ്രസുമായി സഖ്യം ചെയ്ത് സി.പി.എം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു.
അടിയന്തിരാവസ്ഥക്കെതിരെ പ്രവർത്തിച്ചുകൊണ്ടാണ് സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ജനതാപാർട്ടി രൂപവത്കരിച്ചത്. ജയപ്രകാശ് നാരായണിന്റെ  നേതൃത്വത്തിലെ ജനതാപ്രസ്ഥാനം പിന്നീട് ഛിന്നഭിന്നമായി. ജനതാ പാർട്ടിയിലെ ജനസംഘമാണ് ബി.ജെ.പിയായത്. സംഘടനാ കോൺഗ്രസ് പല രീതിയിൽ ഐ. കോൺഗ്രസിലേക്ക് തിരിച്ചു കയറുകയും വീണ്ടും പിളരുകയും ചെയ്തു.
വി.പി സിംഗിന്റെ നേതൃത്വത്തിലാണ് ജനതാദൾ രൂപീകൃതമായത്. ഇത് പിന്നീട് ജനതാദൾ യുനൈറ്റഡ്, ജനതാദൾ സെക്യുലർ, രാഷ്ട്രീയ ജനതാദൾ, ബിജു ജനതാദൾ, ലോക്താന്ത്രിക് ജനതാദൾ, ജനതാദൾ(അജിത്) എന്നിങ്ങനെയും വിഭജിച്ചു.
കേരളത്തിൽ എൽ.ഡി.എഫിന്റെ ഭാഗമായ ജനതാദൾ പിളർന്നാണ് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലെ സോഷ്യലിസ്റ്റ് ജനതാ പാർട്ടിയായത്. ഇത് പിന്നീട് ജനതാദൾ യു.വിൽ ലയിച്ചെങ്കിലും ജനതാദൾ യു വിന്റെ ദേശീയ നേതൃത്വം ബി.ജെ.പിക്കൊപ്പം പോയതോടെ കേരളത്തിലെ യൂണിറ്റിന് വിടേണ്ടിവന്നു. അങ്ങനെയാണ് ശരത് യാദവ് നേതൃത്വം നൽകുന്ന ലോക്താന്ത്രിക് ജനതാദളിലെത്തിയത് .
ഇനി കേരളത്തിൽ മാത്രമുള്ള പ്രത്യേക കക്ഷിയായി നിന്നാൽ മതിയെന്ന പക്ഷം എൽ.ജെ.ഡിയിലെ ചിലർക്കുണ്ട്. ജനതാദ (എസ്) ളുമായി ലയിക്കണമെന്ന് ഒരു വിഭാഗം പറയുന്നു. ജനതാദൾ എസും എൽ.ജെ.ഡിയും ഇപ്പോൾ എൽ.ഡി.എഫിലാണ്.
 

Latest News